ഇന്ത്യയിൽ ആദ്യഘട്ടത്തിൽ 5ജി ലഭ്യമാകുക ഈ നഗരങ്ങളിൽ

രാജ്യത്ത് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കാൻ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Update: 2022-08-26 03:04 GMT
Editor : Nidhin | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വിവിധ സേവനദാതാക്കൾ മുന്നോട്ട് പോകുകയാണ്. മൂന്ന് വർഷത്തിനകം രാജ്യത്ത് എല്ലായിടത്തും സേവനം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 29 ന് 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ (IMC) ഉദ്ഘാടനവും അന്ന് തന്നെയാണ്. നേരത്തെ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ 5ജി സേവനം ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ടെലികോം കമ്പനികൾ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്ത് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കാൻ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാം നഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ- എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ പദ്ധതി. കേരളത്തിലെ ഒരു നഗരവും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ് വർക്ക്, വോഡഫോൺ-ഐഡിയ തുടങ്ങിയ സർവീസ് പ്രൊവൈഡർമാരിൽ നിന്നായി 17,876 കോടി രൂപയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലേലത്തിൽ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രം വിറ്റഴിച്ചു. ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്.

72097.85 മെഗാഹെർട്സ് സ്പെക്ട്രം ആണ് ലേലത്തിൽ വച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുക. 87946 കോടി രൂപയാണ് ജിയോ ചിലവാക്കിയത്. എയർടെൽ 43000 കോടിയും വോഡഫോൺ ഐഡിയ 19000 കോടി രൂപയും അദാനി എന്റർപ്രൈസസ് 215 കോടി രൂപയും ചിലവാക്കി.

ആഗസ്റ്റ് 29ന് നടക്കുന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ജിയോ 5ജി, ജിയോഫോൺ 5ജി എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News