രണ്ടല്ല, മൂന്നാക്കി മടക്കാവുന്ന സ്മാർട്ട്‌ഫോണുമായി വാവെയ്; ലോകത്ത് ആദ്യം, വൻ ബുക്കിങും

ഫോണ്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആവശ്യക്കാരും ഏറി. ഈ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ട്‌ഫോണിനായി മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

Update: 2024-09-11 11:48 GMT

ബെയ്ജിങ്: ആപ്പിൾ ഇറക്കിയ ഐഫോൺ 16 സീരീസാണ് ഇപ്പോൾ ടെക്‌ ലോകത്തെ സംസാര വിഷയം. ആപ്പിൾ ഇന്റലിജൻസും അതിലടങ്ങിയ മറ്റു പ്രത്യേകതകളുമൊക്കെയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ആപ്പിൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിനായ വാവെയ്(Huawei)

മൂന്നായി മടക്കാവുന്ന മേറ്റ് എക്‌സ്ടി അൾട്ടിമേറ്റ് ഡിസൈൻ(Huawei Mate XT Ultimate Design) എന്ന മോഡലുമായാണ് വാവെയ് എത്തിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് മൂന്നായി മടക്കാവുന്നൊരു സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. നിലവിൽ രണ്ടായി മടക്കാവുന്ന ഫോണുകൾ പ്രമുഖരെല്ലാം ഇറക്കിയിട്ടുണ്ട്. മൂന്നായി മടക്കാവുന്ന ഫോണിന്റെ ടീസറും ചില കമ്പനികൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ആദ്യം വിപണിയിലെത്തിക്കാനൊരുങ്ങുന്നത് വാവെയ് ആണ്.

Advertising
Advertising

ഫോണ്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആവശ്യക്കാരും ഏറി. ഈ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ട്‌ഫോണിനായി മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. 

ഒത്തിരി പ്രത്യേകതകളോടെയാണ് വാവെയ്, മൂന്നായി മടക്കാവുന്ന മോഡലുമായി വരുന്നത്. പൂർണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, അത് 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K റെസല്യൂഷനുള്ള മടക്കാവുന്ന OLED സ്‌ക്രീനാണ് മേറ്റ് എക്സ് ടിയിൽ എത്തുന്നത്. ഒന്നിലധികം ദിശകളിലേക്ക് വളയാൻ കഴിയുന്ന ഫ്ലെക്സിബിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഡിസ്പ്ലേ നിർമ്മിച്ചിരിക്കുന്നത്. തുറക്കുമ്പോൾ, സ്മാർട്ട്‌ഫോണിന് വെറും 3.6 എംഎം കനം മാത്രമേയുള്ളൂ. ആഗോളതലത്തിൽ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നാകും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ക്യാമറയാണ് മോഡലിന് . മുൻവശത്ത് പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ 8 എംപി സെൽഫി ക്യാമറയും ഉണ്ട്. 5,600എംഎച്ച് ബാറ്ററിയാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. വെറും 3.6 എംഎം കനമുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് എത്തുന്നത്. സ്മാർട്ട്‌ഫോണിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററിയായിരിക്കും ഇത്.

സെപ്റ്റംബർ 20നാണ് മോഡല്‍ വിൽപ്പനയ്ക്കെത്തുക. നിലവിൽ ചൈനയിൽ മാത്രമാണ് ലഭിക്കുക. അതേസമയം വില കേട്ടാലാണ് ശരിക്കും ഞെട്ടുക. 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയൻ്റുകളിലും ഹാൻഡ്‌സെറ്റ് ലഭ്യമാകും. ഇവയുടെ വില യഥാക്രമം  2,59,500, 2,83,100 എന്നിങ്ങനെയാണ്.  66W ഫാസ്റ്റ് വയർഡും 50W വയർലെസ് ചാർജിങും ഫോൺ പിന്തുണയ്ക്കുന്നു. അതേസമയം മോഡലിന് കരുത്ത് പകരുന്ന ചിപ്‌സെറ്റിൻ്റെ വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

അതേസമയം അമേരിക്കയുടെ ഉപരോധങ്ങൾക്കിടയിലും ഈ ചൈനീസ് മോഡൽ കരുത്ത് നേടുന്നുവെന്നാണ് പ്രീ ബുക്കിങ് തെളിയിക്കുന്നത്. ആപ്പിളിന്റെ പ്രധാന എതിരാളി തങ്ങളാണെന്നും അവര്‍ പറയാതെ പറയുന്നു. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, 42% ഓഹരിയുമായി ചൈനീസ് ഫോൾഡബിൾ ഫോൺ മാര്‍ക്കറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത് വാവെയ് ആണ്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News