ഐഫോൺ 16 സിരീസിന് ആവശ്യക്കാർ കുറവോ? പുതിയ റിപ്പോർട്ട് ഇങ്ങനെ...

ആപ്പിളിന്റെ നിർണായക വിപണിയായ ചൈനയിൽ നിന്നും ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്‌

Update: 2024-09-17 14:39 GMT

ന്യൂയോർക്ക്: ഈ മാസം പുറത്തിറക്കിയ ഐഫോൺ 16 സീരിസിന് പ്രതീക്ഷിച്ച അത്ര ആവശ്യക്കാരില്ലെന്ന് റിപ്പോർട്ട്. പ്രധാനമായും ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോയെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ ആപ്പിളിൻ്റെ ഓഹരികൾ ഏകദേശം 3% ഇടിഞ്ഞു. 

മൊത്തത്തിലുള്ള പ്രീ-ഓർഡറുകൾ ഏകദേശം 37 മില്യണ്‍ യൂണിറ്റിൽ എത്തിയിട്ടുണ്ടെങ്കിലും, ഈ സംഖ്യ ഐഫോണ്‍ 15 സീരീസിന്റെ ആദ്യ വാരാന്ത്യ ഓര്‍ഡറുകളേക്കാൾ 13 ശതമാനം കുറവാണ്. 

ആപ്പിൾ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച അവരുടെ എഐയായ ആപ്പിൾ ഇന്റലിജൻസ് വൈകുന്നതാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ചൈനീസ് വിപണിയിലെ കടുത്ത മത്സരം ഐഫോണ്‍ ഡിമാൻഡിനെ സ്വാധീനിച്ചതായും പറയപ്പെടുന്നു.  2024 സെപ്റ്റംബർ 9നാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ പുറത്തിറക്കിയത്.  13ന് ഈ മോഡലുകളുടെ പ്രീ-ഓർഡർ ആപ്പിൾ ആരംഭിക്കുകയും ചെയ്‌തു. പ്രീ- ഓര്‍ഡര്‍ വിലയിരുത്തിയാണ് ആപ്പിള്‍ അനലിസ്റ്റുകള്‍ കണക്കുകള്‍ നിരത്തുന്നത്. 

Advertising
Advertising

ആദ്യ ആഴ്ചയില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1.71 കോടി മുന്‍കൂര്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇത് ഐഫോണ്‍ 15 പ്രോ മാക്‌സിനേക്കാള്‍ 16 ശതമാനം കുറവാണ്. സമാനമായി ഐഫോണ്‍ 16 പ്രോയ്ക്ക് 98 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു. ഇത് മുന്‍ഗാമിയേക്കാള്‍ 27 ശതമാനം കുറവാണ്.

അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലുകളായ ഐഫോൺ 16നും ഐഫോൺ 16 പ്ലസിനും  ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയേക്കാൾ കൂടുതല്‍ ഓർഡർ ലഭിച്ചിട്ടുമുണ്ട്. എന്നിരുന്നാലും  പ്രീമിയം മോഡലുകളായ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ 'ക്ലിക്കാവാത്ത്' ഐഫോണ്‍ 16 സീരീസിന്റെ മൊത്തത്തിലുള്ള ഡിമാന്റില്‍ മാന്ദ്യം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 

ആപ്പിളിന്റെ പുതിയ എഐ ആയ ആപ്പിൾ ഇന്‍റലിജന്‍സ് ആയിരുന്നു 16 മോഡലുകളെ വേറിട്ടതാക്കിയിരുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഫീച്ചർ തുടക്കത്തില്‍ ലഭിക്കില്ല. ഒക്ടോബറിൽ ഐഒഎസ് 18 സോഫ്റ്റ്‌വെയറിന് ഒപ്പമായിരിക്കും ആപ്പിൾ ഇൻറലിജൻസ് വരിക എന്നാണ് പുതിയ റിപ്പോർട്ട്.

അതേസമയം, ചൈനയില്‍ ആപ്പിളിനെതിരെ ശക്തമായ മത്സരമാണ് പ്രാദേശിക ബ്രാന്റുകള്‍ നടത്തുന്നത്. വാവേയുടെ ട്രിപ്പിൾ ഫോൾഡിങ് സ്മാര്‍ട്‌ഫോണിന് ഐഫോണ്‍ 16നെ വെല്ലുവിളിക്കുന്ന സ്വീകാര്യതയാണ് ചൈനയില്‍ നിന്നും ലഭിക്കുന്നത്. ഫോണ്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ട്രിപ്പിൾ ഫോൾഡിങ് മോഡലായ, മേറ്റ് എക്‌സ്ടി അൾട്ടിമേറ്റ് ഡിസൈന് മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ആപ്പിളിന്റെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചൈന. ഇവിടെ നിന്നും ലഭിക്കുന്ന ചെറിയ തിരിച്ചടി പോലും ആപ്പിളിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News