'വിലയൊന്നും പ്രശ്‌നമല്ല'; ഐഫോൺ 14നായി ആളുകൾ കാത്തിരിക്കുകയാണെന്ന് സർവേ റിപ്പോർട്ട്

ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സെപ്തംബർ ഏഴിന് നടക്കുന്ന ആപ്പിൾ ഇവന്റിന്

Update: 2022-08-24 09:58 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സെപ്തംബർ ഏഴിന് നടക്കുന്ന ആപ്പിൾ ഇവന്റിന്. ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 14 പരമ്പരയിലുള്ള മോഡലുകൾ അന്നാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മോഡലുകളെ പ്രത്യേകതകളെക്കുറിച്ചും ഫോണിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുമൊക്കെ ഇതിനകം തന്നെ വാർത്തകൾ വന്നുകഴിഞ്ഞു. 

ഇപ്പോഴിതാ മറ്റൊരു സർവെ ഫലമാണ് ടെക് ലോകത്തെ വിസ്മയിപ്പിക്കുന്നത്. അതായത് ഐഫോൺ 13 ഉപയോഗിക്കുന്നവരിൽ പത്ത് ശതമാനം ആളുകളും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതാണ് സർവേഫലം. വെറും പത്ത് ശതമാനം മാത്രമെയുള്ളൂ എന്ന് ആരും ചിന്തിക്കരുത്. മുൻ മോഡലുകളെ അപേക്ഷിച്ച് ഈ ശതമാനക്കണക്ക് കൂടുതലാണ്. അതും പുതിയ മോഡലുകളുടെ വില കൂടുമെന്നിരിക്കെ. ഐഫോൺ 13 ഇറങ്ങിയ സമയത്ത് ഐഫോൺ 12 ഉപയോഗിക്കുന്നവരിൽ ഇത്രയും ആകാംക്ഷയുണ്ടായിരുന്നില്ലെന്നും സർവെ വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം ആളുകളുടെ സാമ്പത്തിക നിലവാരം ഇപ്പോഴും പൂർവസ്ഥിതിയിലെത്തിയിട്ടില്ല. എന്നിട്ടും വിലകൂടുതലുള്ള  ഐഫോൺ 14യുടെ വരവിന് വേണ്ടി ആളുകള്‍ കാത്തിരിക്കുന്നുവെന്നതാണ് പ്രത്യേകത. സർവെയിൽ പങ്കെടുത്തവരെല്ലാം ഐഫോൺ 14ന്റെ വരവിൽ പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് വ്യക്തമാക്കുന്നത്. വേഗത്തിലുള്ള പ്രോസസ്സറുകൾ,മികച്ച ക്യാമറ എന്നിവയാണ് ഐഫോണ്‍ 14 സീരിസിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

അതേസമയം ഇപ്പോള്‍ തന്നെ മികച്ച ഫീച്ചറുകളുണ്ടെന്നാണ് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ പങ്കുവെക്കുന്നത്. പുതിയ മോഡല്‍ വാങ്ങാൻ സാധ്യതയുള്ള മൂന്നിൽ രണ്ട് പേർക്കും നിലവിൽ രണ്ട് വർഷത്തിൽ താഴെ പഴക്കമുള്ള മോഡലുകളുണ്ട്. പുതിയ മോഡലിന്റെ വിലയും തടസമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സെപ്തംബർ ഏഴിനാണ് പുതിയ മോഡലുകളുടെ ലോഞ്ചിങ്. തിയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ അന്ന് തന്നെയായിരിക്കുമെന്നാണ് വിവരം. പുറത്തുവരുന്ന റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ ഈ വർഷം മിനി മോഡലുകൾക്ക് പകരം സ്‌ക്രീൻ വലിപ്പം കൂടിയ മാക്‌സ് മോഡൽ ഉണ്ടാകും. ഐഫോൺ 14 മിനിയുടെ അഭാവം നിലവിലെ ഐഫോണ്‍ മോഡലുകളെ വില ഉയര്‍ന്നതായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News