'മൊബൈൽ മാറ്റിവെച്ച് ജീവിക്കാൻ നോക്കൂ'; യുവാക്കൾക്ക് മൊബൈൽ ഫോൺ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പറിന്റെ ഉപദേശം

തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂയെന്നും മാർട്ടിൻ കൂപ്പർ

Update: 2022-07-02 14:53 GMT
Editor : afsal137 | By : Web Desk

സ്മാർട്ഫോണിൽ മണിക്കൂറുകളോളം ചെലവിടുന്ന യുവ തലമുറയ്ക്ക് മൊബൈൽ ഫോൺ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പർ നൽകിയ ഉപദേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഫോൺ മാറ്റിവെച്ച് ജീവിക്കാൻ നോക്കൂ എന്നായിരുന്നു മാർട്ടിൻ കൂപ്പർ നൽകിയ ഉപദേശം. ബിബിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് 93 കാരനായ കൂപ്പർ ഇങ്ങനെ ഒരു നിർദേശം സ്മാർട്ഫോൺ ഉപഭോക്താക്കൾക്ക് നൽകിയത്.

തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മണിക്കൂറിന് മുകളിൽ മൊബൈൽ ഫോണിൽ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.

Advertising
Advertising

'നിങ്ങൾ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂർ ഫോണിൽ ചെലവഴിക്കാറുണ്ടോ? ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാൻ പറയും'- മാർട്ടിൻ കൂപ്പർ പറഞ്ഞു. ഫോണുകളിൽ അധിക സമയം ചെലവിടുന്നവർ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകൾ ശരാശരി ഒരു ദിവസം 4.8 മണിക്കൂർ സമയം അവരുടെ ഫോണിൽ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കിൽ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകൾ ഫോണിൽ ചെലവഴിക്കുന്നു.

1973 ലാണ് കൂപ്പർ മോട്ടോറോള ഡൈന ടിഎസി 8000എക്സ് എന്ന ആദ്യത്തെ വയർലെസ് സെല്ലുലാർ ഫോൺ അവതരിപ്പിച്ചത്. നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയിൽ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റിൽ കൊള്ളുന്നതുമായിരുന്ന ഒരു ഫോണായിരുന്നു തന്റെ ഭാവനയിൽ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യമായി നിർമിച്ച ഫോണിൽ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാൻ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോറോളയിൽ പ്രവർത്തിക്കുന്ന കാലത്ത് കയ്യിൽ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉൾപ്പടെയുള്ള വിവിധ ഉപകരണങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. 1950 ൽ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ അദ്ദേഹം കൊറിയൻ യുദ്ധകാലത്ത് യുഎസ് നാവിക സേനയിൽ ചേർന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോർപ്പറേഷനിലും പിന്നീട് 1954 മിതൽ മോട്ടോറോളയിലും പ്രവർത്തിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News