‘ഐഫോൺ അൾട്രാ’ അല്ല, ‘ഐഫോൺ ഡ്യുവോ’; വില മൂന്ന് ലക്ഷം വരെ? ഇന്ത്യയിലും ദുബൈയിലും എത്രയാകും?

ഇന്ത്യയിൽ ഫോൾഡബിൾ ഐഫോണിന്റെ വില യുഎസ് വിലയേക്കാൾ ഗണ്യമായി ഉയർന്നേക്കും. നികുതി, ഇറക്കുമതി തീരുവ, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ 2.10 ലക്ഷം അല്ലെങ്കിൽ അതിലധികം വില വരാമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ

Update: 2026-09-09 15:48 GMT

ന്യൂഡൽഹി: ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ടെക് ലോകത്ത് ചർച്ചയാകുകയാണ്. ഇന്ത്യയിൽ രാത്രി 10.30ന് ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ ’ ഇവന്റിൽ ഐഫോൺ 18 പ്രൊ മോഡലുകൾക്കൊപ്പം ആദ്യ ഫോൾഡബിൾ ഐഫോണും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഫോൺ ഐഫോൺ അൾട്രാ എന്ന പേരിലായിരിക്കില്ലെന്നും ഐഫോൺ ഡ്യുവോ എന്നായിരിക്കും ആപ്പിൾ അവതരിപ്പിക്കുകയെന്നുമാണ് ആഗോള മാധ്യമശൃംഖലയായ ബ്ലൂംബെർഗിലെ കൺസ്യൂമർ ടെക്നോളജി വിഭാഗം മാനേജിങ് എഡിറ്റർ മാർക്ക് ഗുർമാന്റെ പുതിയ റിപ്പോർട്ട്.

Advertising
Advertising

നാളുകളായി ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ‘ഐഫോൺ അൾട്രാ ’ എന്ന പേരിലാണ് റിപ്പോർട്ടുകളിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ രണ്ട് സ്ക്രീനുകളുള്ള ഫോൺ രൂപകൽപ്പനയെ സൂചിപ്പിക്കുന്നതിനായി ‘ഐഫോൺ ഡ്യുവോ’ (iphone duo) എന്ന പേര് ആപ്പിൾ പരിഗണിക്കുന്നതായാണ് ഗുർമാന്റെ റിപ്പോർട്ട്.

ആപ്പിളിന്റെ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തായിരിക്കും പുതിയ ഫോൾഡബിൾ മോഡലിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വിലയേറിയ ഐഫോണായി ഇത് മാറിയേക്കുമെന്നാണ് സൂചന.

യുഎസിൽ വില എത്ര?

മാർക്ക് ഗുർമാന്റെ റിപ്പോർട്ട് പ്രകാരം 256 ജിബി സ്റ്റോറേജ് മോഡലിന് 2,000 ഡോളർ (1.86 ലക്ഷം) മുതൽ വില ആരംഭിച്ചേക്കും. ഉയർന്ന സ്റ്റോറേജ് വേരിയന്റിന് ഏകദേശം 3,000 ഡോളർ (2.79 ലക്ഷം) വരെ വില ഉയരാനിടയുണ്ട്.

ദുബൈയിലെ വില?

ദുബായിൽ ഫോൾഡബിൾ ഐഫോണിന് ഏകദേശം 7,340 ദിർഹം (1.91 ലക്ഷം)വില വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഉയർന്ന സ്റ്റോറേജ് പതിപ്പിന് ഏകദേശം 11,020 ദിർഹം (2.87 ലക്ഷം) വരെ വിലയാകാമെന്നും സൂചനയുണ്ട്. എന്നാൽ ഇവ ഔദ്യോഗിക യുഎഇ വിലകളല്ല. ആപ്പിൾ പ്രാദേശിക വില പ്രഖ്യാപിക്കുന്നതോടെ യഥാർഥ റീട്ടെയിൽ വിലയിൽ വ്യത്യാസമുണ്ടാകാം.

ഇന്ത്യയിലെ വില 3 ലക്ഷം വരെ എത്തുമോ?

ഇന്ത്യയിൽ ഫോൾഡബിൾ ഐഫോണിന്റെ വില യുഎസ് വിലയേക്കാൾ ഗണ്യമായി ഉയർന്നേക്കും. നികുതി, ഇറക്കുമതി തീരുവ, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ 2.10 ലക്ഷം അല്ലെങ്കിൽ അതിലധികം വില വരാമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ.3,000 ഡോളറിനടുത്ത് വിലയുള്ള ടോപ്പ്-എൻഡ് മോഡലാണ് ആപ്പിൾ ഇന്ത്യയിൽ എത്തിക്കുന്നതെങ്കിൽ വില 3 ലക്ഷം വരെ വില ഉയരാനുള്ള സാധ്യതയുമുണ്ട്.

എപ്പോൾ വിപണിയിലെത്തും?

ഐഫോൺ 18 പ്രൊ , ഐഫോൺ 18 പ്രൊ മാക്സ് എന്നിവയ്ക്കൊപ്പം ഫോൾഡബിൾ ഐഫോൺ പ്രഖ്യാപിച്ചേക്കുമെങ്കിലും വിൽപ്പന ആരംഭിക്കാൻ കുറച്ച് വൈകിയേക്കാം. ഗുർമാന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ തന്നെ വിൽപ്പന ആരംഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഫോൾഡബിൾ മോഡലായതിനാൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ചില വെല്ലുവിളികൾ ആപ്പിൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News