'മുൻ ജീവനക്കാർ ചതിച്ചു, രഹസ്യംചോര്‍ത്തി ആപ്പിളിന് നല്‍കി'; ഗുരുതര ആരോപണവുമായി ഓപ്പൺ എഐ

തങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഇപ്പോൾ ആപ്പിളിനുള്ളിൽ പ്രചരിക്കുന്നുണ്ടെന്നും ഓപണ്‍ എഐ

Update: 2026-10-15 09:34 GMT

കാലിഫോര്‍ണിയ: തങ്ങളുടെ മുൻ ജീവനക്കാരൻ റിലീസ് ചെയ്യാത്ത ഉൽപ്പന്നത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ആപ്പിളിലേക്ക് ചോർത്തിയെന്ന ആരോപണവുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ. വ്യാപാര രഹസ്യ തർക്കവുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരെ കാലിഫോർണിയയിലെ ഒരു കോടതിയിൽ നൽകിയ ഹരജിയിലാണ് ഓപ്പൺ എഐയുടെ ഗുരുതര ആരോപണം. 

ഓപ്പൺഎഐ വിട്ട ശേഷം ആപ്പിളിൽ ചേർന്ന മുൻ ജീവനക്കാരൻ, കമ്പനി ഇതുവരെ പുറത്തിറക്കാത്ത ഉൽപ്പന്നത്തെക്കുറിച്ചുള്ള നൂറിലധികം ഫയലുകൾ സ്വന്തം വ്യക്തിഗത അക്കൗണ്ടിലേക്ക് അയച്ചുവെന്നും  ഈ ചോർത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് ആപ്പിളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രസന്റേഷൻ നടത്തിയെന്നും ഓപ്പൺഎഐ ആരോപിക്കുന്നു.  ഈ വിവരങ്ങളുടെ ബലത്തിലാണ് ആപ്പിൾ ഇപ്പോൾ സ്വന്തമായി എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഓപ്പൺ എഐ, ഈ ആഴ്ച ആപ്പിൾ അവതരിപ്പിച്ച 'ഹോംവ്യൂ'  ഉൽപ്പന്നവും ഇതിന് ഉദാഹരണമായും ചൂണ്ടിക്കാണിക്കുന്നു. 

Advertising
Advertising

തങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഇപ്പോൾ ആപ്പിളിനുള്ളിൽ പ്രചരിക്കുന്നുണ്ട്. ഓപ്പൺ എഐയുടെ കഠിനാധ്വാനവും പേറ്റന്റുകളും ഉപയോഗിച്ച് അവരുടെ എഞ്ചിനീയർമാർ  ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കമ്പനി കോടതിയെ അറിയിച്ചു. എന്നാൽ ഓപ്പൺഎഐയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ആപ്പിൾ രംഗത്ത് എത്തി. മറ്റ് കമ്പനികളിൽ നിന്ന് വരുന്ന പുതിയ ജീവനക്കാർ മുൻ തൊഴിലുടമകളുടെ രഹസ്യവിവരങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ നയങ്ങളും മാനദണ്ഡങ്ങളും കമ്പനിക്കുണ്ടെന്നും ഓപ്പൺഎഐയുടെ ആരോപണങ്ങളെ ശരിവെക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ആപ്പിൾ അറിയിച്ചു.

മുമ്പ് ആപ്പിളിൽ നിന്ന് രാജിവെച്ച ജീവനക്കാർ കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി ഓപ്പൺഎഐയുടെ ഹാർഡ്‌വെയർ വിഭാഗത്തിലേക്ക് കൊണ്ടുപോയെന്ന് ആരോപിച്ച് ആപ്പിൾ നല്‍കിയ കേസ് നിലവിലുണ്ട്. ഈ ആരോപണങ്ങള്‍ ഓപ്പൺഎഐയും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓപണ്‍ എഐ ആപ്പിളിനെതിരെ രംഗത്ത് എത്തിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News