ഗൂഗിൾ മാപ്പിലെ അധികപേർക്കുമറിയാത്ത സൂപ്പർ പവറുകൾ; ഈ ഫീച്ചറുകളിൽ എല്ലാമുണ്ട്

തിരക്കേറിയ സ്ഥലങ്ങളിൽ നിർത്തിയിട്ട സ്വന്തം വാഹനം എവിടെയെന്ന് കണ്ടുപിടിക്കാൻ, ലൈവ് ലൊക്കേഷൻ പങ്കുവെക്കാൻ തുടങ്ങി ഒട്ടനേകം ഫീച്ചറുകളും ഈ ആപ്ലിക്കേഷനകത്തുണ്ട്

Update: 2026-10-10 05:50 GMT

വഴിയറിയാത്ത, പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മാത്രമാണ് അധികപേരും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാറുള്ളത്. ഉദ്ദേശിച്ച സ്ഥലത്തെത്താതെ ചുറ്റിപ്പോകാതിരിക്കാനും യാത്രകളിലുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് പലപ്പോഴായി വലിയ അളവിൽ സഹായകമാകാറുമുണ്ട്. എന്നാൽ, കേവലം മുന്നോട്ടുള്ള വഴികൾ മനസ്സിലാക്കുന്നതിന് വേണ്ടി മാത്രമാണോ ഗൂഗിൾ മാപ്പ്? അല്ലെന്നതാണ് യാഥാർത്ഥ്യം.

തിരക്കേറിയ സ്ഥലങ്ങളിൽ നിർത്തിയിട്ട സ്വന്തം വാഹനം എവിടെയെന്ന് കണ്ടുപിടിക്കാൻ, ലൈവ് ലൊക്കേഷൻ പങ്കുവെക്കാൻ തുടങ്ങി ഒട്ടനേകം ഫീച്ചറുകളും ഈ ആപ്ലിക്കേഷനകത്തുണ്ട്. ദിവസവും പലപ്പോഴായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരത്തിലുള്ള കിടിലൻ ഫീച്ചറുകളൊന്നും അറിയാതെയാണ് അധികപേരും ആപ്പ് ഉപയോഗിക്കുന്നത്. ഉപയോഗപ്രദവും സൗകര്യപ്രദവുമായ ഗൂഗിൾ മാപ്പിലെ ഈ ഫീച്ചറുകളേതെല്ലാമെന്ന് നോക്കാം.

Advertising
Advertising

1. വാഹനം പാർക് ചെയ്ത സ്ഥലം കണ്ടുപിടിക്കാം

ഷോപ്പിങ് മാളോ എയർപോർട്ടോ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ സ്വന്തം വാഹനം നിർത്തിയിട്ട സ്ഥലം മറന്നുപോയിട്ടുണ്ടോ? അതിലും വലിയ തലവേദന വേറെയുണ്ടാകില്ല. ഒട്ടുമിക്കയാളുകളും നേരിടാറുള്ള ഈ പ്രശ്നത്തിന് ഗൂഗിൾ മാപ്പിൽ പരിഹാരമുണ്ട്. പാർക്ക് ചെയ്താലുടൻ ഗൂഗിൾ മാപ്പിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ മാർക്ക് ചെയ്ത് വെക്കാനാകും. പിന്നീട് ഇത് പരിശോധിച്ചുകൊണ്ട് വാഹനം എളുപ്പത്തിൽ കണ്ടുപിടിക്കാം.

2. പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളിൽ തിരക്കുണ്ടോയെന്നും നോക്കാം

റസ്റ്ററന്‍റ്, ഷോപ്പിങ് സെന്‍റർ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി അവിടത്തെ തിരക്കുകൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാം. സന്ദർശകരുടെ തിരക്ക് സംബന്ധിച്ച വിവരങ്ങൾ ഇന്ന് ഒട്ടുമിക്ക സന്ദർശനകേന്ദ്രങ്ങളും ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇതെല്ലാം നേരത്തേ പരിശോധിച്ചുറപ്പിച്ച് ഒരു വഴിക്കിറങ്ങുകയാണെങ്കിൽ അത്രയും നല്ലത്.

3. ഓഫ്ലൈൻ സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി മാപ്പുകൾ ഇൻസ്റ്റാൾ ചെയ്തുവെക്കാം

നെറ്റില്ലാത്ത സ്ഥലങ്ങളിൽ എപ്പോഴെങ്കിലും പെട്ടുപോയിട്ടുണ്ടോ? മുന്നോട്ട് പോകാനാകാതെ കുഴങ്ങി നിൽക്കുന്ന ഇത്തരം സാഹചര്യങ്ങളിലും ഗൂഗിൾ മാപ്പിൽ പരിഹാരമുണ്ട്. ഓഫ്ലൈൻ സാഹചര്യങ്ങളിൽ എടുത്തുപയോഗിക്കാൻ പാകത്തിൽ മാപ്പുകൾ ഇൻസ്റ്റാൾ ചെയ്തുവെക്കാൻ ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. ഒരുതവണ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ നെറ്റില്ലാതെ എത്ര നേരം വേണമെങ്കിലും ഇത് പ്രവർത്തിപ്പിക്കാനാകും.

4. ലൈവ് ലൊക്കേഷൻ

അപരിചിതമായതോ അജ്ഞാതമായോ ആയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന പക്ഷം മറ്റൊരാൾക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷൻ അയക്കാനുള്ള സംവിധാനം ഗൂഗിൾ മാപ്പിലുണ്ട്. വഴി തെറ്റി നിൽക്കുന്ന നിങ്ങളെ തേടിയിറങ്ങുന്നവർക്ക് ഈ സംവിധാനത്തോളം ഫലപ്രദമായ മറ്റൊന്നും തന്നെയില്ലെന്ന് വേണം പറയാൻ. സോളോ ട്രിപ്പ് പോകുന്നവർക്കും ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോയ കുടുംബാഗംങ്ങൾക്കും ലൈവ് ലൊക്കേഷൻ വലിയ സഹായകമാണ്.

5. രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള ദൂരം അറിയാനാകും

രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം മാന്വലായി പരിശോധിച്ചറിയാൻ ഈ ആപ്ലിക്കേഷനിൽ സൌകര്യമുണ്ട്. ഇതിനായി സ്റ്റാർട്ടിങ് പോയിന്‍റും എത്തിച്ചേരേണ്ട ലൊക്കേഷനും സെലെക്ട് ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്, പ്രതീക്ഷിത ദൂരവ്യത്യാസം വിരൽത്തുമ്പിലറിയാം.

6. ഒരിക്കൽ സന്ദർശിച്ച സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തുവെക്കാം

പണ്ടെപ്പോഴോ നിങ്ങൾ സന്ദർശിച്ചതും, മനസ്സ് നിറച്ചതുമായ സ്ഥലങ്ങളും, അതിന്‍റെ ചരിത്രപ്രാധാന്യമുള്ള സവിശേഷതകളും ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തുവെക്കാനാകും. മുൻപ് പോയ സ്ഥലങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴോ വീണ്ടുമൊരിക്കൽ കൂടി സന്ദർശിക്കണമെന്ന് തോന്നുമ്പോഴോ ഇക്കാര്യങ്ങൾ വലിയ സഹായമായിരിക്കും.

7. പോകാനുള്ള സ്ഥലങ്ങൾ സേവ് ചെയ്തുവെക്കുകയുമാകാം

അവധിക്കാലത്ത് ട്രിപ്പ് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? റസ്റ്ററന്‍റുകളുടേയും ഷോപ്പുകളുടേയും നീണ്ട ലിസ്റ്റ് പരിശോധിക്കുന്നതിന് പകരം നേരെ ഗൂഗിൾ മാപ്പിൽ വന്ന് നോക്കുന്നതായിരിക്കും എളുപ്പം. നേരത്തെ സേവ് ചെയ്തുവെക്കുക കൂടിയാണെങ്കിൽ വളരെയെളുപ്പം.

പ്രധാനമായും ലിസ്റ്റ് ചെയ്തുവെക്കേണ്ടത് ഇക്കാര്യങ്ങൾ;

  • ട്രൈ ചെയ്യാൻ പറ്റിയ റസ്റ്ററന്‍റുകൾ
  • കിടിലൻ സ്ഥലങ്ങൾ
  • ഹോട്ടലുകൾ
  • ഷോപ്പിങ് സെന്‍ററുകൾ
  • അവധിക്കാല ട്രിപ്പുകൾ

നേരത്തെ ലിസ്റ്റ് ചെയ്തുവെച്ച ഇക്കാര്യങ്ങൾ നിങ്ങളുടെ ഗൂഗിൾ മാപ്പിലുണ്ടെങ്കിൽ ധൈര്യസമേതം ഒരു യാത്രയ്ക്കിറങ്ങാമെന്ന് ചുരുക്കം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News