ക്യുആർ കോഡിലേക്ക് നോക്കിയാൽ മതി, പണമടയ്ക്കാം; ക്രിക്കറ്റ് കമൻ്ററി കേൾക്കാം; എഐ ഗ്ലാസുകളുമായി ജിയോ
ഒരാൾ സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ മറുതലയ്ക്കലുള്ളയാൾക്ക് അയാളുടെ ഭാഷയിലേക്ക് തർജമ ചെയ്ത് കേൾക്കാനാകും
ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2026-ല്‍ പുതിയ എഐ അധിഷ്ഠിത വെയറബിള്‍ ഉപകരണങ്ങള്‍ അവതരിപ്പിച്ച് ജിയോ. ക്യാമറ ഗ്ലാസുകള്‍, ഓഡിയോ ഗ്ലാസുകള്‍, ഇയര്‍ഫോണുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പുതിയ ശ്രേണി. ശബ്ദനിർദേശങ്ങളിലൂടെ പ്രവർത്തിക്കുന്ന എഐ അസിസ്റ്റന്റ്, ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യം, തത്സമയ ഭാഷാ വിവർത്തനം, മീറ്റിങ്ങുകളിലെ പ്രധാന വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം, ക്രിക്കറ്റ് കമന്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
ജിയോ എഐ ഗ്ലാസുകളിലെ ശ്രദ്ധേയമായ സവിശേഷതയാണ് 'സ്കാൻ ആൻഡ് പേ'. ക്യുആർ കോഡിലേക്ക് നോക്കിയാൽ പണമടയ്ക്കാം. ഫോണെടുക്കാതെ തന്നെ യുപിഐ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും ശബ്ദനിര്‍ദേശങ്ങളിലൂടെ പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ഒരു തവണ 5,000 രൂപ വരെയും പ്രതിമാസം 15,000 രൂപ വരെയും ഇത്തരത്തിൽ ഇടപാട് നടത്താം.
വിവിധ ഇന്ത്യന്‍ ഭാഷകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യവും ഈ സ്മാര്‍ട്ട് ഗ്ലാസുകളിലുണ്ട്. ഇതിലൂടെ വ്യത്യസ്ത ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കും. ഒരാൾ സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ മറുതലയ്ക്കലുള്ളയാൾക്ക് അയാളുടെ ഭാഷയിലേക്ക് തർജമ ചെയ്ത് കേൾക്കാനാകും. എഐ സാങ്കേതികവിദ്യ ആളുകൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതായി ജിയോ വ്യക്തമാക്കി.
മീറ്റിങ് വിവരങ്ങള്‍ കുറിപ്പുകളാക്കുന്ന എഐ നോട്ട്-ടേക്കിങ് സംവിധാനവും തത്സമയ ക്രിക്കറ്റ് കമന്ററി കേള്‍ക്കാനുള്ള സൗകര്യവും പുതിയ ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ സ്‌ക്രീനുകളില്‍ നോക്കുന്ന സമയം കുറയ്ക്കാനും ദൈനംദിന ജോലികള്‍ കൂടുതല്‍ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ജിയോ ഈ എഐ ഉപകരണങ്ങള്‍ പുറത്തിറക്കിയത്.