സ്ക്രീനിലെ പച്ചവരയാണോ പ്രശ്നം?; പരിഹാരം അവതരിപ്പിച്ച് വൺപ്ലസ്

വൺപ്ലസ് 13 ജനുവരിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം

Update: 2024-12-06 11:39 GMT

മുംബൈ: മൊബൈൽ ഡിസ്പ്ലേയിൽ വരുന്ന പച്ചവരകൾ ( ​ഗ്രീൻ ലൈൻ) എന്നും ഉപഭോക്താക്കൾക്ക് ഒരു തലവേദനയാണ്. സോഫ്റ്റ് വെയർ അപ്ഡേറ്റുകളിലൂടെയോ, അല്ലാതെയോ ഒക്കെയാണ് ഫോണുകളിൽ കൂടുതലായും ഇത്തരം വരകൾ രൂപപ്പെടുന്നത്. അമോലെഡ് ഡിസ്പ്ലേയുള്ള മിക്ക മൊബൈലുകളിലും‌, ബഡ്ജറ്റ് റേഞ്ചിലുള്ളവയായാലും പ്രീമിയം സ്മാർട്ട്ഫോണുകളായാലും ആളുകൾ ഈ പ്രശ്നം നേരിടുന്നുണ്ട്. കൂടൂതലായും ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്.

എന്നാൽ തങ്ങളുടെ മൊബൈലുകളിൽ ഉണ്ടാകുന്ന ​ഗ്രീൻ ലൈൻ പ്രശ്നത്തിന് പൂർണാമായൊരു പരിഹാരമൊരുക്കാൻ ഒരുങ്ങുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്. മികച്ച ഫീച്ചേഴ്സ് ഉൾപ്പെടുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ നിരത്തിലിറക്കുന്നതിൽ വൺപ്ലസ് എന്നും മുൻപന്തിയിലാണ്. എന്നാൽ ഡിസ്പ്ലേയിലുണ്ടാകുന്ന പ്രശ്നങ്ങൾ കമ്പനിയെ എന്നും പ്രതിസന്ധിയിലാക്കാറുണ്ട്. ഉപയോഗിച്ച് കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ സ്ക്രീനില്‍ പച്ച നിറത്തിലുള്ള വരകൾ വീഴുന്നതാണ് സ്ഥിരമുള്ള പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് കമ്പനിയെത്തിയിരിക്കുന്നത്.

Advertising
Advertising

തങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഡിസ്‌പ്ലേകളിൽ പുതിയ പിവിഎക്‌സ് ലെയർ അവതരിപ്പിച്ചതായി കമ്പനി പറയുന്നു. സ്ക്രീനിൽ പച്ച വരകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ നിർമാണത്തിലുള്ള മോഡലുകളിൽ പുതിയ പിവിഎക്സ് ലെയറുണ്ടാകുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം, സ്ക്രീന്‍ സുരക്ഷ ഉറപ്പാക്കാൻ അമോലെഡ് ഡിസ്‌പ്ലെയിലുള്ള വൺപ്ലസിൻ്റെ എല്ലാ ഫോണുകള്‍ക്കും ലൈഫ്ടൈം വാറണ്ടി പദ്ധതി നല്‍കാനും വണ്‍പ്ലസ് തീരുമാനിച്ചു. ‌തെരഞ്ഞെടുത്ത മോഡലുകളിൽ മാത്രമായിരുന്നു ഇതിനു മുൻപ് കമ്പനി നോ കോസ്റ്റ് റിപ്പയർ വാ​ഗ്ദാനം ചെയ്തിരുന്നത്. തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ 80-ലധികം ടെസ്റ്റുകൾ നടത്തുന്നതായും കമ്പനി പറയുന്നു.

പ്രൊജക്ട് സ്റ്റാർലൈറ്റ് എന്ന തങ്ങളുടെ പദ്ധതിക്കു കീഴിൽ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ ഇന്ത്യയിൽ 6,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു. രാജ്യത്തെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ സർവീസ് സെൻ്ററുകൾ സ്ഥാപിക്കുകയും തേർഡ് പാർട്ടി റിപ്പയർ സെൻ്ററുകൾ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യാനാണിത്. ഇന്ത്യയിലെ സർവീസ് സെൻ്ററുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. 2026ൻ്റെ ആദ്യ പകുതിയോടെ ഇത് പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാ​ഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13 ജനുവരിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കമ്പനി അവതരിപ്പിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. ഒക്ടോബറിലായിരുന്നു മൊബൈൽ ചൈനയിൽ ലോഞ്ച് ചെയ്തത്. 120 ഹെർട്സ് റീഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.82 ഇഞ്ചിൻ്റെ ഡിസ്പ്ലേയാണ് വൺപ്ലസ് 13ലുള്ളത്. 100 വാട്ടിൻ്റെ സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6000 എംഎഎച്ചിൻ്റെ യമണ്ടൻ ബാറ്ററിയാണ് മൊബൈലിലുള്ളത്. ചൈനയിൽ മൊബൈലിൻ്റ് പ്രാരംഭവില 4499 യുവാൻ( ഏകദേശം 53000 ഇന്ത്യൻ രൂപ) ആണ്. പുതിയ മോഡലിനായി ഏറെ കാത്തിരിപ്പിലാണ് മൊബൈൽ ആരാധകർ.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News