ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജിന് 33 വർഷം...; എന്തായിരുന്നു ആ സന്ദേശം?
ആഗോള ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് ആ എസ്എംഎസ് പിറന്നത്
വാഷിങ്ടണ്‍:സന്ദേശമയക്കുക എന്നത് ഇന്ന് അത്ര പുതുമയുള്ള കാര്യമല്ല.നിമിഷ നേരം കൊണ്ട് ലോകത്തെ എവിടെയുള്ള ആള്‍ക്കും ഇന്ന് സന്ദേശം കൈമാറാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഈ വിപ്ലവത്തിന് തുടക്കമിട്ട ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജിന് 33 വർഷം പിന്നിടുന്നു. 1992 ഡിസംബർ മൂന്നിനായിരുന്നു ആദ്യത്തെ ടെക്സ്റ്റ് മെസേജ് അയച്ചത്. വോഡഫോണ്‍ എഞ്ചിനീയറായ നീൽ പാപ് വോര്‍ത്ത് തന്റെ കമ്പ്യൂട്ടറിൽ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാർഡ് ജാർവിസിന്റെ ഓർബിറ്റൽ 901 ഫോണിലേക്ക് ''മെറി ക്രിസ്മസ്'' ( “Merry Christmas” )എന്ന സന്ദേശമാണ് അയച്ചത്. . മൊബൈലുകൾക്ക് അതുവരെ ടെക്സ്റ്റുകൾ അയയ്ക്കാൻ കഴിഞ്ഞിരുന്നു. ഈ ലളിതമായ സന്ദേശം ആഗോള ആശയവിനിമയത്തിൽ ഒരു വിപ്ലവം തന്നെയായി മാറുകയായിരുന്നു.
എസ്എംഎസ് ഒടുവിൽ ആഗോള ആശയവിനിമയ നിലവാരമായി പരിണമിക്കുമെന്ന് ആരും അന്ന് സങ്കൽപ്പിച്ചിട്ടുണ്ടാകില്ല.അവിടുന്നിങ്ങോട്ട് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം ഡിഎമ്മുകൾ അങ്ങനെ സന്ദേശമയക്കാനുള്ള നിരവധി സംവിധാനങ്ങള്‍ പിന്നീട് വന്നു. ലോകമെമ്പാടുമായി ഇപ്പോൾ ഓരോ സെക്കൻഡിലും ദശലക്ഷക്കണക്കിന് ആളുകൾ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരത്തോടെ ഇന്ന് ടെക്സ്റ്റുകള്‍ക്ക് പുറമെ നമുക്ക് ഇമോജികൾ , GIF-കൾ എന്നിവയും അയക്കാനായി സാധിക്കും.കൂടാതെ സുഹൃത്തുക്കളുമൊത്തുള്ള ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇന്ന് സാധിക്കും.നേരത്തെ ടെക്സ്റ്റ് മെസേജുകള്‍ക്ക് അക്ഷര പരിധിയുണ്ടായിരുന്നു. ആദ്യകാലത്ത് വെറും 160 അക്ഷരങ്ങളില്‍ കൂടുതലുള്ള സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ലായിരുന്നു.
അതേസമയം, ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് സന്ദേശത്തിന് 33 വര്‍ഷം പിന്നിടുന്ന സമയത്ത് സോഷ്യല്‍മീഡിയയിലും രസകരമായ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ക്രിസ്മസ് തീയതിക്ക് മുന്‍പ് എന്തുകൊണ്ടാണ് അദ്ദേഹം എന്തിനാണ് 'മെറി ക്രിസ്മസ്' സന്ദേശം അയച്ചത്? എന്നായിരുന്നു ഒരാള്‍ തമാശ രൂപേണ കമന്‍റ് ചെയ്തത്. എന്നാല്‍ ചരിത്രപരമായ സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ടതെന്ന് ഈ കുഞ്ഞന്‍ സന്ദേശമെന്നതിനെ ചെറുതാക്കി കാണാനാകില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.ഒരു രണ്ട് വാക്കുകളുള്ള സന്ദേശത്തിൽ നിന്ന് ഓരോ ദിവസവും അയയ്ക്കുന്ന കോടിക്കണക്കിന് സന്ദേശങ്ങളിലേക്ക് ടെക്നോളജി എത്രത്തോളം പുരോഗമിച്ചുവെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നാണ് കമന്‍റുകള്‍.