ജിയോയുടെ സൌജന്യ പദ്ധതി ഡിസംബര്‍ മൂന്നിന് സമാപിക്കുമ്പോള്‍ എന്തു സംഭവിക്കും
നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചു തന്നെ സൌജന്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നിലനിര്‍ത്താനാകും ജിയോയുടെ ശ്രമം. ചില സാധ്യതകള്‍ പരിശോധിക്കാം....
ഏറെ കൊട്ടിയാഘോഷിച്ച് എത്തി ടെലികോം മേഖലയിലെ പിടിച്ചു കുലുക്കിയ റിലയന്‍സ് ജിയോയുടെ സൌജന്യ പദ്ധതി ഡിസംബര്‍ മൂന്നിന് അവസാനിക്കും. വെല്‍ക്കം ഓഫര്‍ എന്ന നിലയിലുള്ള സൌജന്യം സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 31വരെ ലഭ്യമാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പ്രമോഷന്‍റെ ഭാഗമായുള്ള പ്രത്യേക പദ്ധതികളുടെ പരമാവധി കാലാവധി 90 ദിവസം മാത്രമായിരിക്കണമെന്ന നിബന്ധന ചൂണ്ടിക്കാട്ടി ട്രായ് ഇതിനെ എതിര്‍ത്തതോടെയാണ് പ്രാരംഭ ഓഫര്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പ്രാരംഭ ഓഫര്‍ എന്ന നിലയിലുള്ള പ്രത്യേക പദ്ധതി ഡിസംബര്‍ മൂന്നിന് അവസാനിക്കുമെങ്കിലും ഉപയോക്താക്കള്‍ക്കുള്ള സൌജന്യം പൂര്‍ണമായും ഇതോടെ നഷ്ടമാകുമെന്ന് ഇതിന് അര്‍ഥമില്ല. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചു തന്നെ സൌജന്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നിലനിര്‍ത്താനാകും ജിയോയുടെ ശ്രമം. ചില സാധ്യതകള്‍ പരിശോധിക്കാം.
1) നിലവിലുള്ള ജിയോ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ സൌജന്യ ഡാറ്റാ സേവനം
ജിയോ സ്വീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു ഉപാധിയാണിത്. പ്രാരംഭ ഓഫറില്‍ ജിയോ തന്നെ ആദ്യം പറഞ്ഞിരുന്നത് ഡിസംബര്‍ 31 വരെ സൌജന്യ സേവനം എന്നാണ്. ട്രായുടെ ഇടപെടല്‍ മൂലം ഇത് തിരുത്തേണ്ടി വന്നെങ്കിലും ആദ്യം നല്‍കിയ വാഗ്ദാനം ചില കുറുക്കുവഴികളിലൂടെ നിലനിര്‍ത്താനാകും ജിയോയുടെ ശ്രമം. ഇത് താരതമ്യേന എളുപ്പവുമാണ്. നിലവിലുള്ള എല്ലാ ജിയോ ഉപയോക്താക്കളെയും ട്രായുടെ നിബന്ധനകള്‍ക്ക് അനുസൃതമായ പുതിയൊരു പ്ലാനിലേക്ക് മാറ്റിയാല്‍ മാത്രം മതി. ഈ പദ്ധതിയുടെ പ്രയോജനം ഡിസംബര്‍ 31വരെ മാത്രമെന്ന് നിശ്ചയിച്ചാല്‍ മതി.
ഒരര്‍ഥത്തില്‍ ജിയോ തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. കമ്പനി നേരത്തെ പറഞ്ഞിരുന്നത് ഇപ്രകാരമാണ് - ട്രായ്ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ പ്രകാരം പ്രാരംഭ ഓഫറില്‍ അംഗത്വം നേടാന്‍ ( സബ്സ്ക്രൈബ് ചെയ്യാന്‍) ഡിസംബര്‍ മൂന്നുവരെ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും. പരിധിയില്ലാത്ത ഡാറ്റയും വോയ്സും സൌജന്യം എല്ലാ സബ്സ്ക്രൈബേഴ്സിനും 2016, ഡിസംബര്‍ 31 വരെ തുടരുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ഡിസംബര്‍ മൂന്നു വരെ പ്രാരംഭ ഓഫര്‍ സ്വീകരിക്കാന്‍ കഴിയാത്ത ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകളും ടാരിഫ് പ്ലാനുകളും സ്വന്തമാക്കാനുള്ള അവസരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും.
2. പുതിയ ഉപയോക്താക്കള്‍ മാത്രം സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും
ഇതും തുല്യ സാധ്യതയുള്ള ഒരു ഉപാധിയാണ്. പ്രാരംഭ ഓഫറിന്‍റെ ഭാഗമായ എല്ലാ ഉപയോക്താക്കള്‍ക്കും ഡിസംബര്‍ 31വരെ സൌജന്യ സേവനം തുടരും. എന്നാല്‍ ഡിസംബര്‍ മൂന്നിന് ശേഷം ജിയോ സ്വന്തമാക്കുന്നവര്‍ സേവനങ്ങള്‍ക്ക് പണം മുടക്കേണ്ടി വരും. ഇവരെ പുതിയൊരു പ്രത്യേക പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി നാല് ആഴ്ച സൌജന്യ സേവനവും തുടര്‍ന്ന് സേവനത്തിന് പണവും എന്ന രീതിയും സ്വീകരിച്ചേക്കാം.
3. 2017 മാര്‍ച്ച് വരെ എല്ലാവര്‍ക്കും സൌജന്യ സേവനം
കേള്‍ക്കുമ്പോള്‍ വലിയ തമാശയായി തോന്നുമെങ്കിലും ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളി കളയുന്നത് വങ്കത്തരമാകും. പ്രമോഷന്‍റെ ഭാഗമായുള്ള പദ്ധതികളുടെ പരമാവധി കാലാവധി 90 ദിവസം മാത്രമെ പാടുള്ളൂ എന്ന് മാത്രമാണ് ട്രായുടെ നിബന്ധന. ഒരിക്കല്‍ നടപ്പിലാക്കിയ അതേ പദ്ധതി തന്നെ മറ്റൊരു പേരില്‍ വീണ്ടും അവതരിപ്പിക്കുരുതെന്ന നിബന്ധനയോ ചട്ടമോയില്ല. പഴയതും പുതിയതുമായ എല്ലാ ഉപയോക്താക്കളെയും 90 ദിവസത്തേക്ക് പുതിയ ഒരു പദ്ധതിയുടെ പരിധിയിലേക്ക് മാറ്റാന്‍ ജിയോക്ക് അവസരം നല്‍കുന്നതാണ് ട്രായ് വ്യവസ്ഥകളിലെ ഈ പഴുത്.
തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായ തോതില്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ പല സാങ്കേതിക തടസങ്ങളും അനുഭവിക്കുന്നുണ്ടെന്ന വസ്തുത ട്രായുടെയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് റിലയന്‍സ് ജിയോയുടെ ആസൂത്രണ വിഭാഗം തലവനായ അന്‍ഷുമാന്‍ താക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് സേവന ദാതാക്കളുടെ കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ തടസമായിട്ടുണ്ടെന്നാണ് റിലയന്‍സ് ജിയോയുടെ പരാതി. ജിയോ മാനേജ്മെന്‍റ് നല്‍കാന്‍ ആഗ്രഹിക്കുന്ന മേന്മയോട് കൂടിയ സേവനം നല്‍കുന്നതുവരെ ഉപയോക്താക്കളില്‍ നിന്നും ഇതിനായി പണം ഈടാക്കുന്നത് അനുചിതമായിരിക്കുമെന്നാണ് തങ്ങളുടെ നിലപാടെന്നും താക്കൂര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
4) സിസംബര്‍ മൂന്നിന് ശേഷം സേവനങ്ങള്‍ക്ക് എല്ലാവരും പണം നല്‍കേണ്ടി വരും
ഉപയോക്താക്കളെയാകെ ഞെട്ടിക്കുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് റിലയന്‍സ് ജിയോ എത്തുവാനുള്ള സാധ്യതള്‍ വളരെ കുറവാണ്. പ്രാരംഭ ഓഫറിന്‍റെ ഭാഗമായി തങ്ങളുടെ ഭാഗമായി തീര്‍ന്ന ഉപയോക്താക്കളില്‍ പരമാവധി പേരെ കൂടെ നിര്‍ത്താനാകും സ്വാഭാവികമായും ജിയോ ശ്രമിക്കുക. വസ്തുത ഇതാണെങ്കിലും ട്രായുടെ മേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി എല്ലാ ഉപയോക്താക്കളില്‍ നിന്നും പണം സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി എന്ന വാദം ഉയത്തി നല്ലപിള്ള ചമയാനുള്ള അവസരം ജിയോക്ക് മുന്നില്‍ തുറന്നു കിടക്കുന്നത് എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ഭീഷണിയാണ്.