സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് എടിഎമ്മുകള്‍ അടച്ചിടുന്നു

Update: 2018-05-08 00:27 GMT
Editor : Subin
സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് എടിഎമ്മുകള്‍ അടച്ചിടുന്നു

രാജ്യത്തെ എടിഎമ്മുകളില്‍ ഭൂരിഭാഗവും വിന്‍ഡോസ് എക്‌സ് പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തിയ ശേഷം മാത്രം തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍(60 ശതമാനത്തിലധികം) പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്‌സ് പിയിലാണ്. റാന്‍സംവെയര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി ബാങ്കുകള്‍ എടിഎമ്മുകള്‍ അടച്ചിടുന്നത്.

Advertising
Advertising

Full View

രാജ്യത്തെ എടിഎമ്മുകളില്‍ ഭൂരിഭാഗവും വിന്‍ഡോസ് എക്‌സ് പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഗോള തലത്തില്‍ നടന്ന റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടന്ന 99 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ തിരിച്ച് നല്‍കണമെങ്കില്‍ ബിറ്റ് കോയിനായി പണം കൈമാറണമെന്നാണ് റാന്‍സംവെയര്‍ ആക്രമണം നടത്തിയവരുടെ ആവശ്യം. ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ സൈബര്‍ ആക്രമണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിന്‍ഡോസ് എക്‌സ് പി പിഴവുകള്‍ പരിഹരിച്ച് പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ വിന്‍ഡോസ് എക്‌സ്പി പുതിയതിലേക്ക് അപ്‌ഡേറ്റ് ചെയ്യുക മാത്രമാണ് കൂടുതല്‍ കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഇത് മനസിലാക്കിയാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബാങ്കുകള്‍ ഇത് സംബന്ധിച്ച് എടിഎം സേവനങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ പണവും ബന്ധപ്പെട്ട വിവരങ്ങളും സുരക്ഷിതമാണെന്നാണ് എടിഎം ഓപറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണത്തിനിരയായാല്‍ പോലും എടിഎമ്മുകള്‍ വീണ്ടും ഫോര്‍മാറ്റ് ചെയ്‌തെടുക്കാനാകുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രധാന എടിഎം സേവനദാതാക്കളായ ഇലക്ട്രോണിക് പേമെന്റ്‌സ് ആന്റ് സര്‍വ്വീസസ് പ്രസിഡന്റ് മനോഹര്‍ ഭോയ് പറയുന്നത്.

Writer - Subin

contributor

Editor - Subin

contributor

Similar News