പരസ്യങ്ങള്‍ ഇനി ശല്യമാകില്ല; പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം

Update: 2018-05-17 05:35 GMT
Editor : Alwyn K Jose
പരസ്യങ്ങള്‍ ഇനി ശല്യമാകില്ല; പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം

ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ ക്രോം

പരസ്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം. ആഡ് ബ്ലോക്കര്‍ സംവിധാനം ഡിഫോള്‍ട്ടായി സെറ്റ് ചെയ്താകും ശല്യക്കാരായ പരസ്യങ്ങളെ കമ്പനി ഒഴിവാക്കുന്നത് . ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ ക്രോം വൈസ് പ്രസിഡന്‍റ് രാഹുല്‍ റോയ് ചൌധരി പറഞ്ഞു.

ഓണ്‍ലൈനില്‍ ശല്യക്കാരായ പരസ്യങ്ങളുടെയും പോപ്പ് അപ്പുകളുടെയും കാലം അവസാനിച്ചിരിക്കുന്നു. ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നതും ആവശ്യമില്ലാതെ വലിഞ്ഞ് കയറി വരുന്നതുമായ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ പോകുകയാണ് ഗൂഗിള്‍. അതിനായി ആഡ് ബ്ലോക്കര്‍ എന്ന സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ക്രോം ബ്രൌസറില്‍ ഡിഫോള്‍ട്ട് ആയി ആഡ് ബ്ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് ടെക് ലോകത്തെ വമ്പന്‍മാര്‍ ചരിത്രം സൃഷ്ടിക്കുന്നത്. ഇതോടെ ബ്രൌസറിന് വേഗത കൈവരുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്രൌസറില്‍ വന്നുപോകുന്ന ആനിമേറ്റഡ് ബാനര്‍, ആട്ടോമേറ്റഡ് പരസ്യ വീഡിയോ എന്നിവ നല്‍കുന്ന കമ്പനികളുടെ വെബ്സൈറ്റുകളുമായി ഗൂഗിള്‍ നേരിട്ട് ബന്ധപ്പെടുകയും തങ്ങളുടെ പരസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്യു. 30 ദിവസത്തിനകം മാറ്റങ്ങള്‍ വരുത്താത്ത പക്ഷം ആ പരസ്യ കമ്പനിയെ ബ്ലോക് ചെയ്യുന്ന രീതിയിലാകും ആഡ് ബ്ലോക്കറിന്‍റെ പ്രവര്‍ത്തനം.

Advertising
Advertising

കോയലേഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്സ് എന്ന സംഘടനയില്‍ നിന്നുമാണ് ഇത്തരമൊരു ആശയം വന്നത്. പരസ്യ രംഗത്തെ പ്രമുഖരായ യൂണിലിവര്‍, ഗൂഗിള്‍, ഫേസ്ബുക്ക് , ന്യൂസ് കോര്‍പ് തുടങ്ങിയവരാണ് CBAയില്‍ അംഗങ്ങളായി ഉള്ളത്. 2017 ഏപ്രിലിലാണ് ആദ്യമായി ഇത്തരമൊരു ആശയം നിര്‍ദേശിക്കപ്പെട്ടത്. ശല്യക്കാരായ പരസ്യങ്ങളെ കുറിച്ച് ആളുകള്‍ നിരന്തരം പരാതിപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആഡ് ബ്ലോക്കര്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ ക്രോം വൈസ് പ്രസിഡന്‍റ് രാഹുല്‍ റോയ് ചൌധരി പറഞ്ഞു. എന്നാല്‍ എല്ലാ പരസ്യങ്ങളെയും ബ്ലോക്ക് ചെയ്യുന്നത് വിവിധ സൈറ്റുകളേയും പരസ്യദാതാക്കളെയും വേദനിപ്പിക്കുമെന്നും അതിനാല്‍ ശല്യം ചെയ്യുന്ന പരസ്യങ്ങളാണ് ബ്ലോക്ക് ചെയ്യുന്നതെന്നും റോയ് ചൌധരി പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News