മുഖം മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ ഹോം പേജ്
പ്രധാന വാര്‍ത്തകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അവയുടെ ജനപ്രീതി അനുസരിച്ച് ഹോം പേജില്‍ പ്രത്യക്ഷപ്പെടും
ഏറെ വൈകാതെ തന്നെ ഗൂഗിള്‍ ഹോം പേജിന്റെ രൂപം മാറും. ഫേസ്ബുക്ക് ശൈലിയിലുള്ള ന്യൂസ് ഫീഡ് ഉള്‍പ്പെടുത്തിയാണ് വെബ്സൈറ്റും ആപ്ലിക്കേഷനും മുഖം മിനുക്കുന്നത്. ട്രെന്‍ഡിങായ വാര്‍ത്തകളും വിശേഷങ്ങളും ആദ്യ നോട്ടത്തില്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ മാറ്റത്തിനൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മാതൃകയാണ് അവലംബിക്കുക.
പ്രധാന വാര്‍ത്തകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അവയുടെ ജനപ്രീതി അനുസരിച്ച് ഹോം പേജില്‍ പ്രത്യക്ഷപ്പെടും. ഒറ്റ ക്ലിക്കിലൂടെ അവയുടെ വിശദാംശങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്താനാകും. ഫോളോ എന്ന ഓപ്ഷന്‍ കൂടി നല്‍കിയാണ് രൂപമാറ്റം. താത്പര്യമുള്ളതെന്ന് തോന്നുന്ന വിവരങ്ങളില്‍ ഫോളോ ചെയ്താല്‍ തുടര്‍ന്നുള്ള വാര്‍ത്തകളും വിവരങ്ങളും ഗൂഗിള്‍ ഓട്ടോ അപ്ഡേറ്റ് ചെയ്യും.
ഇതിന് പുറമേ, അതേ വ്യക്തി മുമ്പ് സെര്‍ച്ച് ചെയ്തതിന് അനുബന്ധമായ വിവരങ്ങളും തുടര്‍ന്നുള്ള സെര്‍ച്ചുകളില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ പരസ്യത്തിന് ഇടം നല്‍കുമോ എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. യു.എസിലാണ് ആദ്യം മാറ്റം നടപ്പാക്കുക, ശേഷം ആഗോളതലത്തില്‍ വ്യാപിപ്പിക്കും. ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളോട് കിടപിടിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.