ദരിദ്രരാജ്യമെന്ന് വിളിച്ചെന്ന പേരില്‍ സ്‌നാപ് ചാറ്റിന് മലയാളികളുടെ പൊങ്കാല
ഇത് തികഞ്ഞ അസംബന്ധമാണെന്നും ലോകത്ത് എവിടെയുള്ളവര്‍ക്കും സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നുമാണ് സ്‌നാപ് ചാറ്റ് അധികൃതര്‍ വിശദീകരിക്കുന്നത്...
ദരിദ്രരാജ്യമായ ഇന്ത്യയിലേക്ക് സ്‌നാപ് ചാറ്റ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിഇഒ ഇവാന്‍ സ്പീഗെല്‍ പറഞ്ഞെന്ന രീതിയിലുള്ള പ്രചരണം സ്‌നാപ്ചാറ്റിന് വലിയ തിരിച്ചടിയാകുന്നു. സ്‌നാപ്ചാറ്റ് മുന്‍ ജീവനക്കാരനാണ് വിവാദമായ വാക്കുകള്‍ സ്‌നാപ്ചാറ്റ് സിഇഒ 2015ല്‍ ഒരു മീറ്റിംങിനിടെ പറഞ്ഞതായി ആദ്യമായി പറഞ്ഞത്. അതേസമയം ഇത്തരത്തിലൊരു പ്രസ്താവന സ്‌നാപ്ചാറ്റ് സിഇഒയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക പ്രതികരണം.
#BoycottSnapchat എന്ന ഹാഷ് ടാഗിന് കീഴില്‍ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ സ്‌നാപ് ചാറ്റ് വിരുദ്ധ പ്രചരണം നടക്കുന്നുണ്ട്. ' ഈ ആപ് പണക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടു തന്നെ സ്‌നാപ്ചാറ്റിനെ ഇന്ത്യയും സ്‌പെയിനും പോലുള്ള ദരിദ്രരാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് ഇവാന്‍ സ്പീഗെല്‍ പറഞ്ഞുവെന്നാണ് മുന്‍ ജീവനക്കാരനായ ആന്റണി പോംപിലാനോ പറഞ്ഞത്. അതേസമയം ഇത് തികഞ്ഞ അസംബന്ധമാണെന്നും ലോകത്ത് എവിടെയുള്ളവര്‍ക്കും സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നുമാണ് സ്‌നാപ് ചാറ്റ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇന്ത്യയെ ദരിദ്രരാജ്യമെന്ന് ആക്ഷേപിച്ചെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം കനത്തതോടെ കാരണമൊന്നും അറിയാതെ നിരവധി പേരാണ് സ്‌നാപ് ചാറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ വണ്‍ സ്റ്റാര്‍ നല്‍കുകയും മോശം അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണമെന്ന് പറയുന്ന സന്ദേശങ്ങളും പ്രചരിക്കുന്നു.
സ്‌നാപ്ചാറ്റാണെന്ന് കരുതി സ്‌നാപ് ഡീലിന് നേരെയും പലരും തിരിഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിക്കുന്ന ട്രോളുകളും പ്രചരിക്കുന്നു.