ഒരൊറ്റ രാത്രികൊണ്ട് ഫേസ്ബുക്കിന് 32600 കോടി രൂപ നഷ്ടപ്പെടുത്തിയ ക്രിസ് വെയ്ലി
ഫേസ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഓരോ പ്രദേശത്തേയും ജനങ്ങള്‍ക്കനുസരിച്ച് ട്രംപിന് അനുകൂലമായി വ്യാജവാര്‍ത്തകള്‍ ചമച്ച് അവരുടെ ടൈം ലൈനിലെത്തിച്ചു. അങ്ങനെ ട്രംപിന് അനുകൂലമായ മനോനിലയിലേക്ക് അമേരിക്കക്കാര്‍ എത്തിപ്പെടുകയായിരുന്നു...
ക്രിസ്റ്റഫര്‍ വെയ്ലി എന്ന പേര് കേട്ടാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സമനിലതെറ്റും. കാരണം വെയിലിന്റെ ലോകം ഞെട്ടിയ വെളിപ്പെടുത്തല്‍ മൂലം ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും 500 കോടി ഡോളറാണ് (ഏകദേശം 32600 കോടിരൂപ) ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് നഷ്ടമായത്. ട്രെംപിന്റെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ദുരുപയോഗത്തിനായി അഞ്ച് കോടിയോളം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഓഹരിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച 185.09ഡോളറായിരുന്ന ഫേസ്ബുക്ക് ഓഹരി വില ഒറ്റയടിക്ക് 170.12 ഡോളറിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 8.1 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവികാസം കൊണ്ട് സുക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.
ചരിത്രത്തിലില്ലാത്തവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് അമേരിക്കയില്‍ ഫേസ്ബുക്ക് വിധേയമാകുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വ്യക്തികളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയെന്ന മാധ്യമ വാര്‍ത്ത വലിയ ആഘാതമാണ് ഫേസ്ബുക്കിനുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസെര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് ഫേസ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതിന് കേംബ്രിഡ്ജ് അനലിറ്റികയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു. ട്രംപിനുവേണ്ടിയും ബ്രിക്‌സിറ്റിന് വേണ്ടിയും പ്രചരണം നടത്തിയ കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപിന് അനുകൂലമായ തരംഗമുണ്ടാക്കാന്‍ വേണ്ടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ചോര്‍ത്തി നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഉപഭോക്താക്കളെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും പരമാവധി എത്തിച്ച് ട്രംപിന് അനുകൂലമായ തരംഗമുണ്ടാക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ശ്രമിച്ചത്.
'അക്കാദമിക് റിസേര്‍ച്ച്' എന്ന പേരില്‍ കമ്പനി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ജീവനക്കാരന്‍ സമ്മതിച്ചിരിക്കുന്നത്. വൈറ്റ്‌ഹൌസ് മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബനോന്‍ ആണ് കേംബ്രിഡ്ജ് അനലിറ്റിക്കക്കും കമ്പനിയുടെ അംഗീകൃത കമ്പനിയായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസിനും ഫണ്ട് നല്‍കുന്നത്. അക്കാദമിക് റിസര്‍ച്ചിന്റെ ഭാഗമാകാം എന്ന അംഗീകരിച്ച് ഇവരുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ വിവരങ്ങളാണ് കമ്പനി ചോര്‍ത്തിയത്. ഏതാണ്ട് 2,70,000 ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
കേംബ്രിഡ്ജ് അനലിറ്റിക്കയെ ആധുനിക കാലത്തെ പ്രൊപ്പഗണ്ട കമ്പനിയെന്നാണ് ക്രിസ് വെയ്‌ലി വിശേഷിപ്പിക്കുന്നത്. ഇവര്‍ നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫേസ്ബുക്കിലെ വിവരങ്ങളെല്ലാം കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിക്കും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മാത്രമല്ല അവരുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റിലെ എല്ലാവരുടേയും ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുണ്ടായിരുന്നുവെന്നും ക്രിസ് വെയ്‌ലി തുറന്നുപറയുന്നു. ഇത്തരത്തില്‍ ചോര്‍ത്തിയെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ അല്‍ഗോരിതം പോലും നിര്‍മ്മിക്കപ്പെട്ടത്. ഒരു മൈതാനത്ത് പ്രസംഗം നടത്തി വ്യക്തികളെ സ്വാധീനിക്കുക എന്നതിനേക്കാള്‍ ഓരോ വ്യക്തികളുടേയും ചെവിയില്‍ അവര്‍ക്കിഷ്ടപ്പെട്ട മേഖലകളിലെ വ്യാജ വിവരങ്ങള്‍ നല്‍കി സ്വാധീനിക്കുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്.
കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന് വേണ്ടി അമേരിക്കക്കാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ലൈക്ക് ചെയ്ത പേജുകളും തുടങ്ങി സ്വകാര്യ സന്ദേശങ്ങള്‍ വരെ ചോര്‍ത്തിയെടുത്തു. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഓരോ പ്രദേശത്തേയും ജനങ്ങളുടെ മനശാസ്ത്രത്തിനും ഇഷ്ടങ്ങള്‍ക്കും അനുസൃതമായി ട്രംപിന് അനുകൂലമായി വ്യാജവാര്‍ത്തകള്‍ ചമച്ച് അവരുടെ ടൈം ലൈനിലേക്ക് എത്തിച്ചു. അങ്ങനെയാണ് അവര്‍ പോലുമറിയാതെ ട്രംപിന് അനുകൂലമായ മനോനിലയിലേക്ക് അമേരിക്കക്കാര്‍ എത്തിപ്പെട്ടതെന്നും ക്രിസ് വെയ്‌ലി പറയുന്നു. ഇതിനുവേണ്ടി വെബ്‌സൈറ്റുകളും ബ്ലോഗുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളുമെല്ലാം വ്യാജമായി നിര്‍മ്മിക്കപ്പെട്ടു. ക്രിസ് വെയ്‌ലിയുടെ വെളിപ്പെടുത്തലോടെ #DeleteFacebook എന്ന ഹാഷ് ടാഗിന് അമേരിക്കയില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു.
കേംബ്രിഡ്ജ് അനലി അമേരിക്കന്‍ തെരഞ്ഞെടുപ്പ് എങ്ങനെ അട്ടിമറിച്ചെന്ന് ക്രിസ് വെയ്‌ലി വെളിപ്പെടുത്തുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ നഷ്ടപ്പെട്ട വിവരം ക്രിസ് വെയ്ലി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Downside to @facebook also banning me on @instagram is missing out on my daily dose of well curated food pics and thirst traps 😭😭😭 #millennial #whistleblower pic.twitter.com/P8AheOMWQI
— Christopher Wylie (@chrisinsilico) March 19, 2018
Suspended by @facebook. For blowing the whistle. On something they have known privately for 2 years. pic.twitter.com/iSu6VwqUdG
— Christopher Wylie (@chrisinsilico) March 18, 2018