മെെക്രോസോഫ്റ്റ് പറയുന്നു: സെെബര്‍ ആക്രമണങ്ങള്‍ ഇന്ത്യക്ക് വരുത്തി വെക്കുന്ന നഷ്ടം ചില്ലറയല്ല 

ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ഒരു സൈബര്‍ സുരക്ഷാ സ്ട്രാറ്റജിയില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു

Update: 2018-12-05 14:23 GMT
Advertising

സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ സംരംഭക-കോര്‍പ്പറേറ്റ് മേഖലക്ക് വരുത്തി വെക്കുന്നത് വന്‍ നഷ്ടമെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട്. വന്‍കിട-ഇടത്തരം സ്ഥാപനങ്ങളെയാണ് സൈബര്‍ ആക്രമണങ്ങള്‍ കൂടുതലായും ബാധിച്ചിരിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് ഇന്ത്യ നടത്തിയ സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക നഷ്ടത്തിന് പുറമെ, തൊഴില്‍ പ്രതിസന്ധിക്കും, ഉപഭോക്താക്കളുടെ കൊഴിഞ്ഞ് പോക്കിനും ഇവ കാരണമാകുന്നതായി കമ്പനി പറഞ്ഞു.

രാജ്യത്തെ ഒരു വന്‍കിട കമ്പനിക്ക് പ്രതിവര്‍ഷം 10.3 മില്യന്‍ ഡോളറാണ് (72 കോടിയോളം രൂപ) സൈബര്‍ അക്രമണങ്ങള്‍ കാരണം നഷ്ടമാകുന്നത്. ഇടത്തരം കമ്പനികള്‍ക്ക് ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടം 11,000 ഡോളറാണ് (7.75 ലക്ഷം രൂപ). ഇതിന് പുറമെ തൊഴില്‍ നഷടമാവുന്നതിനും ഇത് വഴി വെക്കുന്നതായി സര്‍വേ പറയുന്നു. വിവിധ തസ്തികകളിലായി മൂന്നില്‍ അഞ്ചു പേര്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ അഞ്ച് സ്ഥാപനങ്ങളും (62 ശതമാനം) ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയമായതായി വെളിപ്പെടുത്തി.

പുതിയ സാഹചര്യങ്ങളുടെ പശ്ചാതലത്തില്‍, സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനും, സുരക്ഷാ കാര്യങ്ങള്‍ക്കുമായി 92 ശതമാനം സ്ഥാപനങ്ങളും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (A.I) ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളാരാംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നിലവില്‍ ബഹുഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ഒരു സൈബര്‍ സുരക്ഷാ സ്ട്രാറ്റജിയില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Tags:    

Similar News