‘ഉടനെ തിരിച്ചു വരും’എന്ന് സന്ദേശം; ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി സൈറ്റ് ഇത് വരെ പുനസ്ഥാപിച്ചില്ല
ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്സൈറ്റ് തിരിച്ചുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹാക്കര്‍മാര്‍ വരുത്തിയ ആക്രമണം വലുതായത് കൊണ്ടാണ് തിരിച്ചു വരാന്‍ സമയമെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. ഇന്നലെയായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക വൈബ്സൈറ്റായ http://www.bjp.org/ ഹാക്കര്‍മാരുടെ ആക്രമണത്തിനിരയാകുന്നത്. ഹാക്ക് ചെയ്ത സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മീമുകള്‍ ചേര്‍ത്ത ഹാക്കര്‍മാര്‍ മോശമായ ഭാഷയില്‍ ഒരു പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു. ജര്‍മന്‍ ചാന്‍സ്‍ലര്‍ ആഞ്ചെല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ കൈ നല്‍കാതിരുന്ന മീം സഹിതമാണ് മോദിക്കെതിരായ പരിഹാസം വെബ്സൈറ്റില്‍ കൊടുത്തിരുന്നത്. മീമിനോടൊപ്പമുള്ള തലക്കെട്ടില്‍, 'സഹോദരീ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെ വിഡ്ഢികളാക്കി. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. നിറയെ ഭാവുകങ്ങള്‍..' എന്നും എഴുതിച്ചേര്‍ത്തിരുന്നു.
ഹാക്കിംങിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വെബ്സൈറ്റ് ഇത് വരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. വെബ്സൈറ്റിലേക്ക് പ്രവേശിച്ചാല്‍ ‘ഉടനെ തിരിച്ചു വരും, വെബ്സൈറ്റ് പുനസ്ഥാപിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്’ എന്ന തരത്തിലുള്ള ബാനറാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ചോ വിവരങ്ങള്‍ കവര്‍ന്നോ എന്നതിനെ സംബന്ധിച്ചോ ഇതുവരെ പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുമുള്ള വിശദീകരണവും വന്നിട്ടില്ല. അതേ സമയം ഹാക്കിങ്ങിനെ ട്രോളി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രചരണത്തിന്‍റെ തലപത്തുള്ള ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുണ്ട്.