നെറ്റ്ഫ്ലിക്സിനെ വെല്ലുമോ ആപ്പിള്‍ ടി.വി പ്ലസ്?
ഒപ്രാ വിന്‍ഫ്രേ, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജെനിഫര്‍ അനിസ്റ്റന്‍, റീസ് വിത്തര്‍സ്പൂണ്‍, മനോജ് നൈറ്റ് ശ്യാമളന്‍ തുടങ്ങിയ പ്രമുഖരുടെ ഷോകള്‍ ആപ്പിള്‍ ടി.വി പ്ലസിലൂടെ ആസ്വദിക്കാന്‍ കഴിയും.
നെറ്റ്ഫ്ലിക്സിന് കടുത്ത ഭീഷണി ഉയര്‍ത്തി ആപ്പിള്‍ ടി.വി പ്ലസ്. തിങ്കളാഴ്ചയാണ് ആപ്പിള്‍ അവരുടെ പുതിയ വീഡിയോ സ്ട്രീമിങ് സേവനം പ്രഖ്യാപിച്ചത്. നൂറോളം രാജ്യങ്ങളിലാകും ആദ്യം സേവനം ലഭ്യമാവുക. ഇത് നെറ്റ്ഫ്ലിക്സിനും ആമസോണ്‍ പ്രൈം വീഡിയോക്കും കനത്ത തിരിച്ചടിയാകുമെന്നാണ് ടെക്നോളജി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഒപ്രാ വിന്‍ഫ്രേ, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജെനിഫര്‍ അനിസ്റ്റന്‍, റീസ് വിത്തര്‍സ്പൂണ്‍, ഒക്ടാവിയ സ്പെന്‍സര്‍, ജേസണ്‍ മോമോ, മനോജ് നൈറ്റ് ശ്യാമളന്‍ തുടങ്ങിയ പ്രമുഖരുടെ ഷോകള്‍ ആപ്പിള്‍ ടി.വി പ്ലസിലൂടെ ആസ്വദിക്കാന്‍ കഴിയും. എന്നാല്‍ സേവനങ്ങള്‍ക്ക് എത്രയാണ് തുക ഈടാക്കുക എന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല. എന്നാല്‍ പ്രതിമാസം ഏകദേശം 700 രൂപയാകും ആപ്പിള്‍ ഈടാക്കുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ ആപ്പിള്‍ ന്യൂസിനും ഇതേ നിരക്കാണ് ആപ്പിള്‍ ഈടാക്കുന്നത്.
നെറ്റ്ഫ്ലിക്സ് സ്റ്റൈല്‍ റെക്കമെന്‍റേഷന്‍ തന്നെയാണ് ആപ്പിളും പിന്തുടരുന്നത്. ഐ ഫോണ്‍, ഐ പാഡ്, ആപ്പിള്‍ ടി.വി, മാക്, സ്മാര്‍ട് ടി.വി എന്നിവകളിലാണ് ആപ്പിള്‍ ടി.വി പ്ലസ് ലഭിമാവുക. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആപ്പിള്‍ ടി.വി വരിക്കാര്‍ക്ക് ആപ്പിള്‍ ടി.വി ചാനലുകള്‍ ലഭിച്ചു തുടങ്ങും. എച്ച്.ബി.ഒ, സ്റ്റാര്‍, തുടങ്ങിയ പ്രമുഖ ചാനലുകളെല്ലാം ആപ്പിള്‍ ടി.വി പ്ലസില്‍ ലഭിക്കും. ആപ്പിളിന്‍റെ പുതിയ സേവനത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടെക്-വീഡിയോ പ്രേമികള്‍.