ന്യൂസിലാന്റിലെ വെടിവെപ്പ് ദൃശ്യങ്ങള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍
17 മിനിറ്റുള്ള യഥാര്‍ത്ഥ വീഡിയോയില്‍ നിന്ന് ഒന്നോ രണ്ടോ മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചെറിയ വീഡിയോകളായാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്
മാര്‍ച്ച് 15 ന് ന്യൂസ് ലാന്‍റില്‍ വെച്ച് നടന്ന 50 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ഫേസ്ബുക്ക് അവകാശപ്പെടുമ്പോള്‍, ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടെക് വെബ്സൈറ്റായ മദര്‍ബോര്‍ഡാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറെ പ്രചാരമുള്ളതുമായ സമൂഹ മാധ്യമം ഇപ്പോഴും വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുന്നെന്നാണ് റിപ്പോര്‍ട്ട്. 17 മിനിറ്റുള്ള യഥാര്‍ത്ഥ വീഡിയോയില്‍ നിന്ന് ഒന്നോ രണ്ടോ മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചെറിയ വീഡിയോകളായാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്.
ഭീകരവാദികളിലൊരാള്‍ മുസ്‍ലിം പള്ളി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോകളിലൊന്ന്. ആക്രമണം പൂര്‍ണ്ണമായും വീഡിയോയില്‍ കാണിക്കുന്നില്ല. ലോകത്തെ നടുക്കിയ സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്ക് പിന്‍വലിക്കുന്നതിനുള്ളില്‍ ഏതാണ്ട് 4000 പേര്‍ നേരത്തെ കണ്ടുകഴിഞ്ഞിരുന്നു. പിന്നീട് ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വീഡിയോ എത്തിത്തുടങ്ങി. ഞങ്ങളുടെ പോളിസികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായതിനാല്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്ന് ആര്‍ക്കൊക്കെ ഫേസ്ബുക്ക് ലൈവ് സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നതില്‍ പരിധി കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഫേസ്ബുക്ക്.