ടിക്ടോക്ക് വീഡിയോകളിലൂടെ വൈറലായ ആ ‘ടിക്ടോക്ക് ഇത്താത്ത’ ഇവരാണ്...
ടിക്ടോക്ക് വീഡിയോകളിലൂടെ വൈറലായ ഒരു ‘ടിക്ടോക്ക് ഇത്താത്ത’യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ടിക്ടോക്കില്‍ പതിവായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന നസീറ മേലാറ്റൂരാണ് ടിക്ടോക്ക് വീഡിയോകളിലെ ആ താരം. പതിവായി സിനിമാശബ്ദങ്ങളെ വീഡിയോയിലൂടെ അനുകരിക്കുന്ന നസീറ താന്‍ പകര്‍ത്തുന്ന വീഡിയോകള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തതോട് കൂടിയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. വീഡിയോകള്‍ക്ക് താഴെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങുകയും സഭ്യമല്ലാത്ത രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അവസാനം ഗത്യന്തരമില്ലാതെ നസീറ തന്നെ വീഡിയോകളിലൂടെ പ്രതികരിക്കാനിറങ്ങിയതാണ് കഥയിലെ ട്വിസ്റ്റ്. നസീറയുടെ അസാധ്യ ധൈര്യം നിറഞ്ഞ വീഡിയോ പ്രതികരണം പിന്നെ മിസൈല്‍ വേഗതയിലായിരുന്നു വൈറലായത്. തനിക്ക് നേരെ മോശം രൂപത്തില്‍ കമന്റുകളായി വന്നതിനെയെല്ലാം നസീറയുടെ സ്വതസിദ്ധമായ ശൈലിയിലൂടെ തകര്‍ത്തടുക്കുന്ന വീഡിയോകളാണ് പിന്നീട് ടിക്ടോക്കില്‍ വൈറലാകുന്നത്.
മലപ്പുറം മേലാറ്റൂരില്‍ നിന്നും ടിക് ടോക്ക് ഫെയിമിലേക്ക്
‘എന്റെ ഉപ്പ മരിച്ചതോടെ ഉപ്പയുടെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അതിന് വേണ്ടിയുള്ള അന്വേഷണത്തില്‍ പൊലീസുക്കാര്‍ നിരവധി തവണയാണ് വീട്ടില്‍ ആണുങ്ങളായി ആരുമില്ലേയെന്ന് ചോദിച്ചത്. എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് ഇവര്‍ നിരന്തരം പുരുഷന്മാരായി ആരുമില്ലേയെന്ന് ചോദിക്കുന്നതെന്ന്?’; നസീറ ചോദിക്കുന്നു.
നസീറയുടെ ടിക്ടോക്ക് വീഡിയോക്ക് താഴെയും ഇത് പോലെയുള്ള കമന്റുകളായിരുന്നു ഏറ്റവും കൂടുതല്‍ വന്നിരുന്നത്. വീട്ടില്‍ ആണുങ്ങളാരുമില്ലേ, ഭര്‍ത്താവില്ലേ എന്നീ പ്രതികരണങ്ങളോട് ക്ഷോഭിച്ച് കൊണ്ട് നസീറ നല്‍കുന്ന മറുപടി വലിയ രീതിയില്‍ പിന്നീട് ഏറ്റെടുക്കുകയും ചെയ്തു.
ടിക്ടോക്കില്‍ എത്തുന്നത്?
‘ഖല്‍ബാണ് ഫാത്തിമ’ എന്ന ആല്‍ബത്തിലെ നായിക ദിവ്യയെ തപ്പിയാണ് നസീറ ടിക്ടോക്കിലെത്തുന്നത്. നസീറ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന സമയത്താണ് ഖല്‍ബാണ് ഫാത്തിമ ഹിറ്റാകുന്നത്. തന്നെ പ്രചോദിപ്പിക്കുന്ന ആളുകളോട് ഇഷ്ടമാണെന്നും അവരെ ഇഷ്ടമാണെന്ന് അറിയിക്കണമെന്നാഗ്രഹമുണ്ടെന്നും നസീറ പറയുന്നു.
Called by many as TikTok Ithatha, Naseera did not shy away when abusive comments came for her casual videos, made with a touch of humour. pic.twitter.com/6RzFAeelWu
— Cris (@cristweets) May 26, 2019
ടിക്ടോക്കില്‍ നിന്നും വീഡിയോകള്‍ കളഞ്ഞു!
വലിയ രീതിയില്‍ വൈറലായ വീഡിയോകള്‍ പിന്നീട് താന്‍ തന്നെ ടിക്ടോക്കില്‍ നിന്ന് നീക്കം ചെയ്തെന്നും അതിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും നസീറ പറയുന്നു.
‘ഞാന്‍ ആ വീഡിയോകള്‍ എല്ലാം നീക്കം ചെയ്തു, പക്ഷെ കാണേണ്ടവര്‍ക്ക് അതെല്ലാം ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ട്.’; നസീറ പറഞ്ഞു.
കേന്ദ്ര തൊഴിലുറപ്പു സ്കീമിന് കീഴില്‍ ജോലി ചെയ്യുന്ന നസീറ തന്റെ വീഡിയോകള്‍ക്ക് നേരെ എന്തിനാണ് ഇത്രയും അസഭ്യം ചൊരിയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറയുന്നു.
‘ഒരു വിധ മേക്കപ്പുകളുമില്ലാതെ എന്റെ വീട്ടിനടുത്ത് വെച്ച് ഷൂട്ട് ചെയ്യുന്നതാണ് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍. പക്ഷെ കമന്റുകള്‍ കാണുമ്പോള്‍ ഞാനന്തോ തെറ്റ് ചെയ്ത പോലെയാണ് ആളുകള്‍ പെരുമാറുന്നത്. ആളുകള്‍ക്ക് അതിലെ തമാശ മനസ്സിലാകുന്നില്ല’; നസീറ പറഞ്ഞു.
ടിക്ടോക്കില്‍ ഇനി?
ടിക്ടോക്കില്‍ ഇനി ഒരു തരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്യില്ലെന്ന് നസീറ പറയുന്നു. തനിക്ക് ജോലി തിരക്കുകളുണ്ട്, അത് കൊണ്ട് തന്നെ ഇനിയും വീഡിയോകള്‍ ചെയ്യുമോ എന്ന് അറിയില്ല. പക്ഷെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഇത്താത്തയും അവരുടെ ധൈര്യവും തന്റെടവും നിറഞ്ഞ വീഡിയോകള്‍ ഇപ്പോള്‍ ട്രന്‍ഡിങ്ങാണ്. തന്റെ വീഡിയോ കാണാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് അതിനുള്ള സൌകര്യമുണ്ടെന്നും ഫോണില്‍ അതിനുള്ള സൌകര്യമുണ്ടല്ലോയെന്നും നസീറ ചോദിക്കുന്നു. ഇനിയതല്ല ഇനിയും സഭ്യമല്ലാത്ത രീതിയില്‍ എടീ/പോടി എന്ന് വിളിക്കാനാണ് ഭാവമെങ്കില്‍ പല്ല് അടിച്ച് കൊഴിക്കുമെന്ന് നസീറ തന്റെടത്തോടെ തന്നെ പറയുന്നു.