വാട്‌സ്ആപ് ബഗ് കണ്ടെത്തിയ ഇന്ത്യക്കാരന് എഞ്ചിനീയര്‍ക്ക് 3.50 ലക്ഷം സമ്മാനം
തങ്ങളുടെ ആപ്ലിക്കേഷനുകളിലെ ന്യൂനതകള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നവര്‍ക്ക് വമ്പന്‍ കമ്പനികള്‍ സമാനമായ രീതിയില്‍ സമ്മാനം നല്‍കുക പതിവാണ്...
വാട്‌സ്ആപിലെ ബഗ് കണ്ടെത്തിയ 22കാരന്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥിക്ക് ഫേസ്ബുക്കിന്റെ 5000 ഡോളര്‍(ഏകദേശം 3.48 ലക്ഷം രൂപ) സമ്മാനം. ബഗ് കണ്ടെത്തിയ മണിപ്പൂരുകാരന്‍ സോണല്‍ സൗജെയ്ഗമിനെ ഫേസ്ബുക്ക് ഈ വര്‍ഷത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സമാനമായ രീതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിയ 96 പേരാണ് ഇതുവരെ ഫേസ്ബുക്കിന്റെ ഹാള്‍ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
തങ്ങളുടെ ആപ്ലിക്കേഷനുകളിലെ ഹാക്കര്‍മാര്‍ക്ക് ഉപയോഗിക്കാനാകുന്ന ന്യൂനതകള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നവര്‍ക്ക് വമ്പന്‍ കമ്പനികള്‍ സമാനമായ രീതിയില്‍ സമ്മാനം നല്‍കുക പതിവാണ്. ഗൂഗിളും ഫേസ്ബുക്കുമാണ് ഇത്തരത്തിലുള്ള എത്തിക്കല്‍ ഹാക്കര്‍മാരെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് ആപ്ലിക്കേഷന്‍ ഉടമകള്‍ക്ക് ഔദ്യോഗികമായി മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.
വാട്‌സ്ആപ്പിലെ വോയ്‌സ് കോളിനുള്ളിലെ ന്യൂനതയാണ് സൗജെയ്ഗം കണ്ടെത്തിയത്. വോയ്‌സ് കോളിലാകുമ്പോള്‍ തന്നെ ഫോണെടുക്കുന്നയാള്‍ അറിയാതെ വീഡിയോ കോള്‍ ആക്കാന്‍ സഹായിക്കുന്ന ബഗാണ് സൗജെയ്ഗം കണ്ടെത്തിയത്. ഇത് സ്വകാര്യതാ ലംഘനമാകുമെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് സൗജെയ്ഗം വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കിന് അധികൃതര്‍ക്ക് നല്‍കിയത്.
ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് സൗജെയ്ഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് അധികൃതര്‍ പിന്നീട് ബഗ് വിവരം സ്ഥിരീകരിക്കുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. രണ്ട് ആഴ്ച്ചക്ക് ശേഷമാണ് സൗജെയ്ഗമിന് 5000 ഡോളര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ച വിവരം ഫേസ്ബുക്ക് അറിയിക്കുന്നത്. ഈ വര്‍ഷം തന്നെ റോണി കെ റോയ്, കെ.എസ് അനന്തകൃഷ്ണ തുടങ്ങിയ മലയാളികളും ഫേസ്ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയിമിലെത്തിയിരുന്നു.