ബിറ്റ്കോയിനെ കടത്തിവെട്ടാന്‍ ഫേസ്ബുക്കിന്റെ ലിബ്ര വരുന്നു; ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ? അറിയേണ്ടതെല്ലാം...
ലിബ്രയുടെ പൂർണ്ണ നിയന്ത്രണം ഫേസ്ബുക്കിന്റെ കൈയിലായിരിക്കില്ല. 27 ഓളം കമ്പനികൾ ചേർന്നാണ് ലിബ്രയെ നിയന്ത്രിക്കുന്നത്.
ക്രിപ്റ്റോകറന്‍സിയുമായി ഫേസ്ബുക്ക് വരുന്നു. ലിബ്ര എന്നാണ് തങ്ങളുടെ ക്രിപ്റ്റോകറന്‍സിക്ക് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്. 2020ൽ ആയിരിക്കും ലിബ്ര പൂർണമായ രീതിയിൽ പുറത്തിറങ്ങുക. ലിബ്ര അസോസിയേഷനായിരിക്കും കറൻസിക്ക് പിന്നിൽ. ബാങ്കിങ് സംവിധാനം ഉപയോഗിക്കാത്തവരെയാണ് പുതിയ കറൻസിയിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ലിബ്രയുടെ പൂർണ്ണ നിയന്ത്രണം ഫേസ്ബുക്കിന്റെ കൈയിലായിരിക്കില്ല. 27 ഓളം കമ്പനികൾ ചേർന്നാണ് ലിബ്രയെ നിയന്ത്രിക്കുന്നത്. യൂബർ, മാസ്റ്റർകാർഡ്, വീസാ, സ്പോട്ടിഫൈ എന്നിവയാണ് ലിബ്രയുമായി കൈകോർക്കുന്ന കമ്പനികളിൽ ചിലത്. ലിബ്ര ഉപയോഗിച്ച് ലോകത്ത് എവിടെയും ഇടപാടുകൾ നടത്താമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഈ ഇടപാടുകൾക്ക് യൂസർ ഫീ ഈടാക്കുകയുമില്ല. ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്ന വേഗതയില്‍ കാലിബ്ര വഴി കുറഞ്ഞ ചിലവിലും ചിലവുകളില്ലാതെയും ആര്‍ക്കും ലിബ്ര ക്രിപ്‌റ്റോ കറന്‍സി കൈമാറ്റം ചെയ്യാന്‍ സാധിക്കും.
ലിബ്ര ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ പൂർണമായും കേന്ദ്രീകൃതവും സ്വകാര്യവുമായിരിക്കും. കാലിബ്ര എന്ന ആപ് ഇൻസ്റ്റാൾ ചെയ്ത് ലിബ്ര കറൻസി ഉപയോഗിച്ച് തുടങ്ങാം. ലിബ്രയുടെ വില പിടിച്ച് നിർത്താനായി റിസർവുകളും ഫേസ്ബുക്ക് സൃഷ്ടിക്കും. ബാങ്ക് നിക്ഷേപങ്ങളും സർക്കാർ സെക്യൂരിറ്റീസും, സൃഷ്ടിക്കപ്പെടുന്ന ഓരോ ലിബ്രായ്ക്കു വേണ്ടിയും കരുതലായി സൂക്ഷിക്കും. അങ്ങനെ ലോകത്തെ ഏറ്റവും മികച്ച കറൻസിയായി ലിബ്രയെ വളർത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ബിറ്റ്കോയിന് വെല്ലുവിളിയായി ലിബ്ര വളരുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ?
ബാങ്കുകള്‍ക്ക് വിനിമയത്തിന് ആര്‍.ബി.ഐ അനുമതി നല്‍കിയാല്‍ മാത്രമെ ഇന്ത്യയില്‍ ലിബ്ര വാങ്ങലും വില്‍ക്കലും സാധ്യമാകൂ. ആര്‍.ബി.ഐ അനുമതി നല്‍കിയാല്‍ രൂപയുമായി ലിബ്രക്ക് വിനിമയം സാധ്യമാകും. അങ്ങനെയെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് ഇടപെടലില്ലാതെ ആഗോളതലത്തില്‍ പണമിടപാട് എളുപ്പമാകും.