വീണ്ടും തരംഗമായി ഫേസ്ആപ്, സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ്
ഫേസ് ആപ് സുരക്ഷിതമല്ലെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ടെക് വെബ് സൈറ്റായ techcrunch.com റിപ്പോര്‍ട്ട് ചെയ്തു...
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സോഷ്യല്‍മീഡിയയില്‍ തരംഗമായി ഫേസ്ആപ്. ഒറ്റയടിക്ക് ചിത്രങ്ങളെ വൃദ്ധരാക്കാനും പ്രായംകുറക്കാനും ഫേസ്ആപിന് കഴിയും. സോഷ്യല്‍മീഡിയയില്‍ ഫേസ്ആപ് ചലഞ്ച് എന്ന പേരിലും 'വൃദ്ധ' മുഖങ്ങള്‍ പ്രചരിക്കുന്നുണ്ട്.
നാല്‍പതോ അമ്പതോ വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയിരിക്കും മുഖമെന്ന കൗതുകമാണ് പലരേയും ഫേസ്ആപിലേക്ക് ആകര്‍ഷിക്കുന്നത്. റഷ്യന്‍ ഡവലപ്പര്‍മാര്‍ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ആപ് ചിത്രങ്ങളെ മാറ്റി മറിക്കുന്നത്. പല തരം ഫില്‍ട്ടറുകളും പ്രായത്തിനൊപ്പം ലിംഗം മാറ്റാനുമുള്ള സൗകര്യവും ഫേസ് ആപില്‍ ലഭ്യമാണ്.
ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഫേസ് ആപ് ലഭിക്കും. മൂന്ന് ദിവസം മാത്രമേ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാനാകൂം. ഐ.ഒ.എസില്‍ പ്രതിവര്‍ഷ ആപ്ലിക്കേഷന്‍ വരിസംഖ്യ ഏകദേശം 1699 രൂപ വരും.
അതേസമയം, ഫേസ് ആപ് ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ ലൈബ്രറിയിലേക്ക് ആക്‌സസിനുള്ള സമ്മതം നല്‍കണം. ഇത് സുരക്ഷിതമല്ലെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്ന് ടെക് വെബ് സൈറ്റായ techcrunch.com റിപ്പോര്‍ട്ടു ചെയ്തു.
ഇത്തരത്തില്‍ അനുമതി നല്‍കിയാല്‍ യൂസര്‍മാരുടെ ഫോട്ടോ ലൈബ്രറിയിലെ ഏതു ചിത്രവും എടുത്ത് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഡേവലപര്‍ക്ക് പരിശോധിക്കാനാകും. ഏത് ചിത്രമാണ് ഡേവലപര്‍മാര്‍ക്ക് ആപിന്റെ പ്രവര്‍ത്തന ക്ഷമത പരീക്ഷിക്കാന്‍ നല്‍കുകയെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാന്‍ കഴിയണമെന്നും ടെക്ക്രഞ്ച് നിര്‍ദേശിക്കുന്നു.
2017ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നിരവധി വിവാദങ്ങളും ഫേസ്ആപിന് നേരിടേണ്ടി വന്നിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയാധിക്ഷേപത്തിന് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു എന്നതായിരുന്നു അതില്‍ പ്രധാനം. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും അന്ന് ഫേസ്ആപിന് നേരിടേണ്ടി വന്നിട്ടുണ്ട്.