ഫേസ്ആപ്പിന് സ്വന്തമായത് 15 കോടി മുഖങ്ങളും പേരുകളും... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
നിര്‍വികാരമായ മുഖമാണെങ്കിലും ആ മുഖത്ത് ചിരിയും ദേഷ്യവും മറ്റു വികാരങ്ങളുമൊക്കെ ഫേസ്ആപ്പ് അതിവിദഗ്ധമായി വെച്ചുപിടിപ്പിക്കും.
നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഫേസ്ആപ്പിലെ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍. ഫേസ്ആപ്പ് ചലഞ്ച് എന്ന വെല്ലുവിളി തന്നെയാണ് ഒരിടവേളക്ക് ശേഷം ഫേസ്ആപ്പിനെ ട്രെന്‍ഡിങില്‍ എത്തിച്ചിരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും വാര്‍ധക്യകാലത്ത് എങ്ങനെയായിരിക്കും തങ്ങളുടെ മുഖം എന്നറിയാനാണ് കൂടുതല്‍ ആകാംക്ഷ. ചിലരാണെങ്കില്‍ സുഹൃത്തുക്കളുടെ മുഖംവെച്ചും കളി തുടരുന്നു.
നിര്‍വികാരമായ മുഖമാണെങ്കിലും ആ മുഖത്ത് ചിരിയും ദേഷ്യവും മറ്റു വികാരങ്ങളുമൊക്കെ ഫേസ്ആപ്പ് അതിവിദഗ്ധമായി വെച്ചുപിടിപ്പിക്കും. എന്നാല്‍ ഫേസ്ആപ്പ് തീരെ സുരക്ഷിതമല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യതക്കാണ് ഫേസ്ആപ്പ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിനോടകം ഗൂഗിള്‍ പ്ലേയില്‍ നിന്നും പതിനഞ്ച് കോടിയിലേറെ പേരാണ് ഫേസ്ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്. 121 രാജ്യങ്ങളിലായി ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ആപ്പ് സ്റ്റോറുകളില്‍ മുന്‍നിരയിലേക്ക് റോക്കറ്റ് വേഗത്തിലാണ് ഫേസ്ആപ്പ് കുതിച്ചുകയറിയത്. എന്നാല്‍ ഫേസ്ആപ്പ് പ്രൈവസി പോളിസിയില്‍ പറയുന്നത് വായിച്ചുമെനക്കെടാതെയാണ് ഭൂരിഭാഗം പേരും ഈ ആപ്പ് സ്വന്തം ഫോണിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. ആഗോള തലത്തില്‍ ജനങ്ങളുടെ മുഖം തിരിച്ചറിയലിന് വേണ്ടി ചിലര്‍ നടത്തുന്ന വിവരശേഖരമാണ് ഇത്തരം ആപ്പുകള്‍ ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ആപ്പ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപഭോക്താവ് അംഗീകരിക്കുന്ന പോളിസി പ്രകാരം, നിങ്ങളുടെ ചിത്രങ്ങളും പേരുകളും മറ്റ് വിവരങ്ങളുമൊക്കെ നിലവിലുള്ളതോ ഇനി വികസിപ്പിച്ചെടുക്കുന്നതോ ആയ എല്ലാ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കാന്‍ കഴിയും. അമേരിക്കയിലെ ആമസോണ്‍ സെര്‍വറുകളില്‍ നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത് വരെ കാര്യങ്ങള്‍ അത്ര അപകടകരമല്ല. എന്നാല്‍ ഈ വിവരങ്ങളില്‍ എന്തും ചെയ്യാനുമുള്ള ലൈസന്‍സാണ് ഉപഭോക്താക്കള്‍ നല്‍കുന്നത്. റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബ്സാണ് ഫേസ്ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും സാങ്കേതിക വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മറ്റൊരു കാര്യം, ഒരു ചിത്രം ഫേസ്ആപ്പിലേക്ക് അപ്‍ലോഡ് ചെയ്യുമ്പോള്‍ ആ ചിത്രം തന്നെയാണ് ഉപഭോക്താവ് ഉദ്ദേശിച്ചതെന്ന് ഉറപ്പിക്കാനുള്ള അവസരം ആപ്പ് നല്‍കുന്നില്ല. ഒരു തവണ ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പിന്നീട് അത് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സാരം. സ്വകാര്യചിത്രങ്ങള്‍ ഫോണിന്റെ ഗാലറിയില്‍ കൊണ്ടുനടക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.