സാംസങ് ഇലക്ട്രോണിക്സിന്റെ ലാഭം കുത്തനെ കുറഞ്ഞു
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്.
സാംസങ് ഇലക്ട്രോണിക്സിന്റെ ലാഭം കുത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ചിപ്പുകളുടെ വ്യാപാരത്തില്‍ ഉണ്ടായ തകര്‍ച്ചയും അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന്റെ തിരിച്ചടികളുമാണ് ലാഭം കുത്തനെ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പ്രവര്‍ത്തന ലാഭം 6.6 ലക്ഷം കോടി കൊറിയന്‍ വണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 14. 87 ലക്ഷം കോടി കൊറിയന്‍ വണ്‍ ആണ് 56 ശതമാനം കുറഞ്ഞ് ഈ നിലയിലേക്ക് എത്തിയത്. അമേരിക്ക - ചൈന വ്യാപാര യുദ്ധവും ജപ്പാന്‍ ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഇലക്ട്രോണിക് അസംസ്കൃത വസ്തുക്കള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതും സാംസങിന് തിരിച്ചടിയായി.ചിപ്പ് നിര്‍മാണ മേഖലയില്‍ ഉണ്ടായ തിരിച്ചടിയും സാങ്കേതിക വിദ്യയില്‍ സംഭവിച്ച പരിണാമങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
അതേസമയം മൂന്നാം പാദത്തില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് തിരിച്ചുവരവ് നടത്താനാണ് സാംസങിന്റെ ശ്രമം. മടക്കാവുന്ന തരത്തിലുള്ള 5ജി ഫോണുകള്‍ വിപണിയില്‍ എത്തിക്കാനുള്ള സാംസങിന്റെ ശ്രമം ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. സ്ക്രീനിന് വ്യാപകമായി കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് കാരണം. എന്നാല്‍ സെപ്തംബറോട് കൂടി ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് സാംസങിന്റെ ശ്രമം.