നിമിഷങ്ങള്‍ക്കകം മുഖം മാറ്റുന്ന ചൈനീസ് ആപ്, പിന്നാലെ സ്വകാര്യതാ വിവാദവും
പ്രൊഫൈല്‍ ചിത്രം നല്‍കി വെറും എട്ടു സെക്കന്റിലാണ് ഡികാപ്രിയോയുടെ തലമാറ്റി പുതിയ രൂപമായിരിക്കുന്നത്...
കഴിഞ്ഞയാഴ്ച്ചയാണ് ചൈനീസ് ആപ് നിര്‍മ്മാതാക്കളായ മെമോ ഫേസ് സ്വാപിംങ് ആപ്ലിക്കേഷനായ Zao പുറത്തിറക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ട് വീഡിയോയിലെ മുഖം മാറ്റാന്‍ ശേഷിയുള്ള ആപ്ലിക്കേഷന്‍ മണിക്കൂറുകള്‍ക്കകം വന്‍ ജനപ്രീതി നേടുകയും ചെയ്തു. ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കായ വെയ്‌ബോയില്‍ Zaoയുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകള്‍ക്ക് 80 ലക്ഷത്തിലേറെയാണ് വ്യൂ ലഭിച്ചത്. ഇതിന് പിന്നാലെ Zao ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു.
ഈ ട്വീറ്റ് വിശ്വസിക്കാമെങ്കില്‍ പ്രൊഫൈല്‍ ചിത്രം നല്‍കി വെറും എട്ടു സെക്കന്റിലാണ് ഡികാപ്രിയോയുടെ തലമാറ്റി പുതിയ രൂപമായിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് Zaoയും നിമിഷങ്ങള്‍ക്കകം തലമാറ്റുന്നത്. ടെക്‌നോളജി വെബ്‌സൈറ്റായ ബ്ലൂംബര്‍ഗാണ് Zaoയുടെ സുരക്ഷാ നയത്തിലെ കുടുക്ക് പുറത്തുകൊണ്ടുവന്നത്. Zao ഉപയോഗിക്കുന്നവരുടെ ഫോണിലെ ചിത്രങ്ങളും വീഡിയോയും ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ക്ക് ഉപയോക്താക്കളുടെ അനുവാദമില്ലാതെ സൗകര്യപൂര്‍വ്വം ഉപയോഗിക്കാവുന്ന സ്വകാര്യതാ നയത്തിലെ ഭാഗമാണ് വിവാദമായത്.
ഇത് വിവാദമായതോടെ ആപ് സ്റ്റോറില്‍ നെഗറ്റീവ് റിവ്യൂകള്‍ വര്‍ധിച്ചു. ആപ്ലിക്കേഷന്റെ ജനപ്രീതി അതേവേഗതയില്‍ ഇടിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. മാത്രമല്ല നേരത്തെ ഉപയോക്താക്കള്‍ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എല്ലാം തന്നെ നീക്കം ചെയ്തതായും ആപ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. പുതുക്കിയ സ്വകാര്യതാ നയം വൈകാതെ പുറത്തുവിടുമെന്നും വെയ്‌ബോയിലൂടെ Zao വ്യക്തമാക്കി.