ചന്ദ്രയാനില്‍ പ്രതീക്ഷ മങ്ങുന്നു; 21 വരെ ലാന്‍ഡറിനായി അന്വേഷണം തുടരും
ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താന്‍ നാസയുടെ ലൂണാര്‍ ഓര്‍ബിറ്ററിനും കഴിഞ്ഞില്ല.
ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്‍മേലുള്ള ഐ.എസ്.ആര്‍.ഓയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ശനിയാഴ്ച വരെ ലാന്‍ഡറിനായി ഇസ്രോ ശ്രമം തുടരും.
വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താന്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ വഴി നാസയും ശ്രമിച്ചിരുന്നു. ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും ലാന്‍ഡറിനെ കണ്ടെത്താനായില്ല.
ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയത് ദക്ഷിണ ധ്രുവത്തിന്റെ നിഴല്‍ നിറഞ്ഞ ദൃശ്യങ്ങളാണെന്നും ഇതില്‍ നിന്നും ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസയെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമം ഐ.എസ്.ആര്‍.ഒ തുടരുകയാണ്.
ചന്ദ്രനില്‍ രാത്രി തുടങ്ങുന്ന സെപ്തംബര്‍ ഇരുപതോ ഇരുപത്തിയൊന്നോ വരെ ശ്രമം തുടരും. 14 ദിവസമായിരുന്നു സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെ ആയുസ്.
ചന്ദ്രനില്‍ രാത്രിയാകുന്നതോടെ ലാന്‍ഡറിന്റെ ആയുസും നിലക്കും. മാത്രവുമല്ല ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാന്‍ഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവരാനും സാധ്യതയുണ്ട്. അതിനാല്‍ ചന്ദ്രനില്‍ ഇനിയൊരു പകല്‍ വരുമ്പോഴേക്കും ലാന്‍ഡറിന് സുരക്ഷിതമായി നിലനില്‍ക്കാന്‍ ആകില്ല.
സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് ഐ.എസ്.ആര്‍.ഒ.