അമേരിക്കയുടെ ആവശ്യം തള്ളി സക്കര്‍ബര്‍ഗ്; വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കില്ല
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കണമെന്ന അമേരിക്കന്‍ സെനറ്റ് ആവശ്യം തള്ളി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇന്നലെ വാഷിങ്ടണില്‍ സെനറ്റ് അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്. യു എസിലെത്തിയ സക്കര്‍ബര്‍ഗ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും വിഷയത്തില്‍ ചര്‍ച്ച നടത്തി.
ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ എത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുവെന്ന് തെളിയിക്കാന്‍ വാട്സ് ആപും, ഇന്‍സ്റ്റഗ്രാമും വില്‍ക്കണമെന്നായിരുന്നു സെനറ്റ് അംഗങ്ങളുടെ ആവശ്യം. സെനറ്റംഗം ജോഷ് ഹാവ്‌ലിയാണ് ഇക്കാര്യം സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്.
ഡിജിറ്റൽ സ്വകാര്യത, മത്സരം, സെൻസർഷിപ്പ്, രാഷ്ട്രീയപരമായ പരസ്യങ്ങളിലെ സുതാര്യത തുടങ്ങിയ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിരവധി നിയമപരമായ ചോദ്യങ്ങൾക്ക് മറുപടി നല്‍കാനാണ് സക്കര്‍ബര്‍ഗ് സെനറ്റ് അംഗങ്ങളെ കണ്ടത്. കഴിഞ്ഞ വര്‍ഷവും അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്‍പില്‍ സക്കര്‍ബര്‍ഗ് ഹാജരായിരുന്നു, അന്ന് വിവാദമായ കേംബ്രിജ് അനലറ്റിക്ക വിവാദത്തിന്റെ പേരിലായിരുന്നു അത്. രണ്ട് മാസം മുന്‍പ് യു എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഫേസ്ബുക്കിൽ നിന്നും 5 ബില്ല്യൺ ഡോളർ പിഴ ഈടാക്കിയതാണ്. ഡാറ്റാ പരിരക്ഷണ ലംഘനങ്ങളുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട നയങ്ങളിൽ പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.