സോഷ്യൽ മീഡിയക്കും നിയന്ത്രണം?; മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി  

ചില സാങ്കേതികവിദ്യകൾ പ്രവർത്തിക്കുന്ന രീതി അത്യന്തം അപകടകരമാണെന്നും സ്മാർട്ട്‌ഫോൺ ഉപേക്ഷിച്ച് പഴയ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നത് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു. 

Update: 2019-09-24 09:45 GMT

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് മാർഗനിർദേശ രേഖകൾ നടപ്പിൽ വരുത്താൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വ്യാജവാർത്തകളും ഓൺലൈൻ കുറ്റകൃത്യങ്ങളും തടയുന്നതിനു വേണ്ടിയുള്ള നയനിലപാടുകൾ അത്യാവശ്യമാണെന്നും ഇന്റർനെറ്റിനേക്കാൾ രാഷ്ട്രതാൽപര്യമാണ് പ്രധാനമെന്നും ജസ്റ്റിസുമാരായ ദിപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തങ്ങൾക്കെതിരെ ബോംബെ, മദ്രാസ്, മധ്യപ്രദേശ് ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിർദേശം.

Advertising
Advertising

‘സോഷ്യൽ മീഡിയ ദുരുപയോഗം അപകടകരമാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം. നമ്മൾ എന്തിനാണ് ഇന്റർനെറ്റിനെ ഓർത്ത് വിഷമിക്കുന്നത്? നമ്മുടെ രാജ്യത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. ഓൺലൈൻ കുറ്റകൃത്യങ്ങളുടെ ഉറവിടം ഖണ്ടെത്താനാവശ്യമായ സാങ്കേതികവിദ്യ നമ്മുടെ കൈവശമില്ല എന്ന് പറയാൻ കഴിയില്ല. വ്യാജസന്ദേശം സൃഷ്ടിക്കുന്നവർക്ക് അതിനുള്ള സാങ്കേതിക വിദ്യയുണ്ടെങ്കിൽ അതിനെ നേരിടാനുള്ള സാങ്കേതികവിദ്യ നമുക്കും വേണം.’
- ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

സോഷ്യൽ മീഡിയാ ട്രോളുകൾക്ക് ഇരയാകുന്ന വ്യക്തികളുടെ കാര്യം ആര് നോക്കുമെന്നും കോടതി ചോദിച്ചു. ചില സാങ്കേതികവിദ്യകൾ പ്രവർത്തിക്കുന്ന രീതി അത്യന്തം അപകടകരമാണെന്നും സ്മാർട്ട്‌ഫോൺ ഉപേക്ഷിച്ച് പഴയ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നത് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു.

‘സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനുള്ള മാർഗനിർദേശങ്ങളുണ്ടാക്കാൻ കോടതിക്ക് കഴിയില്ല. സർക്കാറാണ് അത് ചെയ്യേണ്ടത്. സർക്കാർ ഒരു നയം ഉണ്ടാക്കുകയാണെങ്കിൽ അതിന്റെ നിയമസാധുത ഞങ്ങൾക്ക് പരിശോധിക്കാനാവും. പക്ഷേ, സ്വകാര്യത പോലുള്ള വിഷയങ്ങൾ പരിഗണിച്ചാവണം നയം രൂപീകരിക്കേണ്ടത്.’ -
ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേർത്തു.

ഇതു സംബന്ധിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് കോടതി മൂന്നാഴ്ച സമയം അനുവദിച്ചു. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ എത്രസമയം വേണ്ടിവരുമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഒക്ടോബർ 22-നാണ് ഈ വിഷയത്തിൽ അടുത്ത വാദംകേൾക്കുക.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുക, വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ കണ്ടെത്താനുള്ള വഴികൾ എളുപ്പമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മദ്രാസ് ഹൈക്കോടതി ഫേസ്ബുക്കിനു മുന്നിൽവെച്ചത്. മറ്റു കോടതികളും സമാനമായ നിർദേശങ്ങൾ നൽകി. ഇതേത്തുടർന്നാണ് ഫേസ്ബുക്ക് സുപ്രീം കോടതിയെ സമീപിച്ചത്.

Tags:    

Similar News