രംഗോലി കിട്ടിയില്ലേ ? കഴിഞ്ഞിട്ടില്ല, ഇനിയും സമയമുണ്ടെന്ന് ഗൂഗിള്‍ പേ
അഞ്ച് സ്റ്റാമ്പുകളും ലഭിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ 251 രൂപ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്കെത്തും.
ദീപാവലിയോടനുബന്ധിച്ച് ഗൂഗിള്‍ പേ ഒരുക്കിയ വമ്പന്‍ ഓഫറിന്റെ കാലാവധി നീട്ടി. 251 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സമ്മാനമായി ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഗൂഗിൾ പേയുടെ ദീപാവലി സ്റ്റാമ്പ് കളക്ഷന്‍ കഴിഞ്ഞ ദിവസങ്ങളിൽ വൻ വിജയമാണ് നേടിയത്. അഞ്ച് സ്റ്റാമ്പുകളാണ് ഉപഭോക്താക്കള്‍ ശേഖരിക്കേണ്ടത്. അഞ്ച് സ്റ്റാമ്പുകളും ലഭിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ 251 രൂപ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്കെത്തും.
ബില്‍ അടക്കല്‍, റീ ചാര്‍ജ്, പണം അയക്കല്‍, ദീപാവലി വിളക്കുകള്‍ സ്കാന്‍ ചെയ്യല്‍ തുടങ്ങിയ വഴികളിലൂടെയൊക്കെ സ്റ്റാമ്പുകള്‍ ശേഖരിക്കാം. എന്നാല്‍ ഇതില്‍ ഫ്ളവര്‍, രംഗോലി സ്റ്റാമ്പുകള്‍ ലഭിക്കാന്‍ കുറച്ചേറെ ഭാഗ്യവും വേണം. മറ്റു മൂന്നു സ്റ്റാമ്പുകള്‍ ലഭിച്ചവര്‍ രംഗോലിക്കും ഫ്ളവറിനും വേണ്ടി സോഷ്യല്‍മീഡിയയിലും ഗൂഗിള്‍ പേയിലൂടെയുമൊക്കെ യാചിക്കുന്ന അവസ്ഥയുമുണ്ടായി. ഇതോടെ ഗൂഗിള്‍ പേ ഉപഭോക്താക്കളെ യാചകരാക്കിയെന്ന ആരോപണവും ഉയര്‍ന്നു വന്നു. ഈ ഓഫറിന് ഒക്ടോബര്‍ 31 വരെയായിരുന്നു കാലാവധി. പക്ഷേ ദീപാവലി ഓഫറിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് കാലാവധി നീട്ടിയിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 11 വരെയാണ് ഓഫര്‍ നീട്ടിയിരിക്കുന്നത്. രംഗോലി സ്റ്റാമ്പിന്റെ ലഭ്യതയെ കുറിച്ച് വ്യാപക പരാതിയുണ്ടെങ്കിലും ഇപ്പോഴും ഉപഭോക്താക്കള്‍ സ്റ്റാമ്പ് ശേഖരത്തിന്റെ തിരക്കിലാണ്. ഗൂഗിളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വിഷയങ്ങളിലൊന്ന് രംഗോലി സ്റ്റാമ്പ് എങ്ങനെ ലഭിക്കും എന്ന ചോദ്യമാണ്. ചില വിരുതന്‍മാര്‍ രംഗോലി സ്റ്റാമ്പ് വില്‍ക്കാനുള്ള തന്ത്രങ്ങള്‍ പോലും ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിട്ടുണ്ട്.