അവസാന വിക്ഷേപണവും വിജയം, ചൈനീസ് സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം തയ്യാര്‍
ജി.പി.എസിന് ബദലായി ബെയ്ദൗ എത്തുന്നതോടെ ഇനി ആഗോള നാവിഗേഷന്‍ സംവിധാനത്തിന് അമേരിക്കയേയോ യൂറോപ്യന്‍ യൂണിയനേയോ ചൈനക്ക് ആശ്രയിക്കേണ്ടതില്ല...
അമേരിക്കയുടെ ജി.പി.എസിന്(ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ബദലായുള്ള ചൈനയുടെ ബെയ്ദൗ നാവിഗേഷന്‍ സാറ്റലൈറ്റ സിസ്റ്റത്തിനായുള്ള(ബി.ഡി.എസ്) അവസാന സാറ്റലൈറ്റും വിജയകരമായി വിക്ഷേപിച്ചു. സിചുവാന്‍ പ്രവിശ്യയിലെ സിചാങ് സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച്ചയായിരുന്നു വിക്ഷേപണം. ബി.ഡി.എസ് ശ്രേണിയിലെ 55ാമത്തെ സാറ്റലൈറ്റാണ് ലോങ് മാര്‍ച്ച് 3ബി റോക്കറ്റിന്റെ സഹായത്തില്‍ ചൈന വിജയകരമായി വിക്ഷേപിച്ചത്.
ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.ജി.ടി.എന്‍ ആണ് വിക്ഷേപണ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ വിക്ഷേപണേേത്താടെ ലോകത്തെ സജീവമായ നാലാമത്തെ ഗ്ലോബല്‍ നാവിഗേഷന്‍ സംവിധാനമായി ബെയ്ദൗ നെറ്റ്‌വര്‍ക്ക്(ബി.ഡി.എസ്) മാറി. അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ GLONASS, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയാണ് ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍.
ഇന്ത്യയും സ്വന്തമായുള്ള പ്രാദേശിക നാവിഗേഷന്‍ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. നാവിക് എന്നറിയപ്പെടുന്ന ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(IRNSS) ആണ് ഇന്ത്യയുടെ തദ്ദേശീയ 'ജി.പി.എസ്'.
2000 മുതലാണ് ബെയ്ദൗ സാറ്റലൈറ്റുകള്‍ ചൈന വിക്ഷേപിച്ചു തുടങ്ങിയത്. ഏഷ്യ പസഫിക് മേഖലയില്‍ 2012 ഡിസംബര്‍ മുതല്‍ സേവനം ലഭ്യമാക്കി തുടങ്ങിയിരുന്നു. ആഗോള തലത്തില്‍ ബി.ഡി.എസ് ലഭ്യമായി തുടങ്ങിയത് 2018 മുതലാണ്. 30-31 സാറ്റലൈറ്റുകള്‍ ഉപയോഗിച്ച് തന്നെ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.
ഇനിമുതല്‍ ആഗോള നാവിഗേഷന്‍ സംവിധാനത്തിന് അമേരിക്കയേയോ യൂറോപ്യന്‍ യൂണിയനേയോ ചൈനക്ക് ആശ്രയിക്കേണ്ടതില്ല. പാകിസ്താനും തായ്‌ലന്റും അടക്കമുള്ള 120 രാജ്യങ്ങള്‍ ചൈനയുടെ ബി.ഡി.എസ് ഉപയോഗിക്കുന്നുണ്ട്. തുറമുഖങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റു സേവനങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ ബി.ഡി.എസ് ഉപയോഗിക്കുന്നുവെന്നാണ് ചൈന അവകാശപ്പെടുന്നത്.