പബ്ജി നിരോധിക്കാതിരുന്നതിന്റെ കാരണം
ടിക് ടോക്, ഹെലോ, വിചാറ്റ്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍ തുടങ്ങി നിരവധി ജനപ്രിയ ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടെങ്കിലും പബ്ജി രക്ഷപ്പെട്ടു...
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കുമെതിരായ പൊതുവികാരം ഇന്ത്യയില്‍ ശക്തിപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്ലിക്കേഷനുകളെ ഇന്നലെ രാജ്യത്ത് നിരോധിക്കുകയും ചെയ്തു. ടിക് ടോക്, ഹെലോ, വിചാറ്റ്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍ തുടങ്ങി രാജ്യത്ത് ജനകീയമായിരുന്ന നിരവധി ആപ്ലിക്കേഷനുകളും നിരോധനം നേരിടുകയാണ്.
ടിക് ടോക് പോലെ പുതുതലമുറയില്‍ വലിയ പ്രചാരം നേടിയ മറ്റൊരു ആപ്ലിക്കേഷനാണ് പബ്ജി. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്നും എങ്ങനെ പബ്ജി ഒഴിവായെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അടുത്തഘട്ടത്തിലെ നിരോധത്തില്‍ പബ്ജി ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ പോലും ആദ്യ ഘട്ടത്തില്‍ ഒഴിവായതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.
പലരും കരുതുന്നതുപോലെ പബ്ജി എന്നത് ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനല്ലെന്നതാണ് ഒന്നാമത്തെ കാരണം. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ബ്ലൂഹോളാണ് പബ്ജിയുടെ നിര്‍മ്മാതാക്കള്‍. എങ്കില്‍ പോലും വിതരണം ചൈനീസ് കമ്പനിയായ ടെസന്റ് ഏറ്റെടുത്തതോടെയാണ് പബ്ജിയുടെ കുതിപ്പ് തുടങ്ങിയത്.
ചൈനയില്‍ വന്‍ ജനപ്രീതി നേടിയ പബ്ജിയെ ഇന്ത്യയില്‍ അവതരിപ്പിച്ചതും ടെസന്റായിരുന്നു. വൈകാതെ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഗെയിമായി പബ്ജി മാറുകയും ചെയ്തു. പബ്ജിക്ക് പിന്നിലെ ചൈനീസ് സ്വാധീനം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ഈ ആപ്ലിക്കേഷന് ചൈനീസ് ദക്ഷിണകൊറിയന്‍ സംയുക്ത ഉടമസ്ഥതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ പബ്ജി നിരോധിക്കപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.