തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ
മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കം
മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ . മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കം.
സ്ഥാനാർഥിയാകാൻ സമ്മർദ്ദമുണ്ടെന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി ഇത്തവണയും മത്സരിച്ചേക്കാമെന്നും സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് മീഡിയവണിനോട് പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഉയർന്ന പ്രതിഷേധം മുതലെടുക്കാനാണ് സി.പി.ഐ നീക്കം. മുസ്ലിം ലീഗിന്‍റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ വിജയത്തോളം പോന്ന പരാജയമായിരുന്നു എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തിന്‍റേത്. 2011ൽ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറബ്ബ് ജയിച്ചത് .
2016 ൽ 7000ൽ താഴെ വോട്ടുകളായി അബ്ദുറബ്ബിന്‍റെ ഭൂരിപക്ഷം കുറക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിയാസിനായി . ഈ സ്വീകാര്യതയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച സി.പി.ഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി അജിത് കൊളാടിയെ മാറ്റാൻ സി.പി.ഐ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത് . ലീഗിനകത്ത് സ്ഥാനാർഥിക്കെതിരായ പ്രതിഷേധ. നിയാസിന് അനുകൂലമാകുമോയെന്നാണ് സി.പി.ഐ കണക്ക് കൂട്ടൽ. സ്ഥാനാർഥിയാകാൻ സമ്മർദ്ദമുണ്ടെന്നും മത്സരിച്ചേക്കുമെന്നും നിയാസ് പുളിക്കലകത്ത് മീഡിയവണിനോട് പറഞ്ഞു . ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി സ്ഥാനാർഥിയെ മാറ്റുന്ന കാര്യം വിശദമായി ചർച്ച ചെയ്യും. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടായേക്കും.