ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയില്‍ ഇടം പിടിച്ച് കര്‍ഷക സമരത്തിലെ സ്ത്രീകളും ബിന്ദു അമ്മിണിയും

കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കവര്‍ സ്റ്റോറി പുറത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്

Update: 2021-03-05 07:05 GMT

ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയില്‍ ഇടംപിടിച്ച് ഇന്ത്യയിലെ കര്‍ഷക സമരം. സമരവേദിയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കർഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും സ്റ്റോറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കവര്‍ സ്റ്റോറി പുറത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയസായ സ്ത്രീകള്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

വീട്ടിലേക്ക് മടങ്ങാതെ ഇപ്പോഴും സമരമുഖത്ത് തുടരുന്ന സ്ത്രീകളെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർക്ക് വഴിയൊരുക്കാനുള്ള പ്രക്ഷോഭത്തിന്‍റെ ചുമതല അവർ ഏറ്റെടുത്തുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷക സമരത്തിന്‍റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ രാംപൂരില്‍ നിന്നുള്ള 74കാരിയായ ജസ്ബീര്‍ കൌര്‍ ഗാസിപൂരിലുള്ള സമരമുഖത്തെത്തിയിട്ട് മൂന്ന് മാസമായി. ഇതിനിടയില്‍ ഒരു തവണ മാത്രമാണ് കൌര്‍ വീട്ടില്‍ പോയത്. സ്ത്രീകള്‍ വീട്ടിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തെ കൌറിന് അംഗീകരിക്കാനാവില്ല. എന്തുകൊണ്ട് ഞങ്ങള്‍ വീട്ടില്‍ പോകണം? ഇത് പുരുഷന്‍മാരുടെ മാത്രം സമരമല്ലെന്നും ഞങ്ങൾ പുരുഷന്മാർക്കൊപ്പം വയലിൽ അധ്വാനിക്കുന്നു. കർഷകരല്ലെങ്കിൽ ഞങ്ങൾ ആരാണെന്നും കൌര്‍ ചോദിക്കുന്നു. കൌറിനെപ്പോലെ നിരവധി സ്ത്രീകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നു.

''ഈ നിയമം നമ്മളെ കൊല്ലും, നമ്മുടെ പക്കലുള്ളത് നശിപ്പിക്കും'' പഞ്ചാബിലെ തല്‍വാണ്ടിയില്‍ നിന്നുള്ള കര്‍ഷകയായ അമന്‍ദീപ് കൌര്‍ പറയുന്നു. അമന്‍റെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതാണ്. ''കര്‍ഷകര്‍ക്ക് പിന്തുണയുമായിട്ടാണ് ഞാനിവിടെ എത്തിയത്. എന്നാൽ ജാതി, ലിംഗ വിവേചനം ഇല്ലാത്ത വളരെ വ്യത്യസ്തമായ ഒരു ഇന്ത്യയെ ഞാനിവിടെ കണ്ടു. ഇത് പ്രതിഷേധത്തിനപ്പുറം തുടരുമെന്ന് പ്രതീക്ഷിക്കാം'' ബിന്ദു അമ്മിണി പറയുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Tags:    

Similar News