ഡി.എം.കെയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് ചൂടില്‍ തമിഴകം

20 സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും

Update: 2021-03-14 05:20 GMT

ഡി.എം.കെയും കോൺഗ്രസും കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. 20 സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും.

അൽപ്പം വൈകിയെങ്കിലും ഏറെ അത്മവിശ്വാസത്തോടെയാണ് ഡി.എം.കെ സ്ഥാനാർഥി പട്ടികയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കിയത്. ഇന്ധന വില നിയന്ത്രണവും വികസന പദ്ധതികളും, വനിതാ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ച് പ്രചാരണ രംഗത്തു കളം പിടിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്.

കരുണാനിധിയുടെ കൊച്ചുമകനും നടനുമായ ഉദയനിധി സ്റ്റാലിൻ ഉൾപ്പടെ മത്സര രംഗത്തുള്ളത് നേട്ടമാവുമെന്നും ഡി.എം.കെ കണക്കു കൂടുന്നു. ഭരണ നേട്ടങ്ങളിൽ ഊന്നിയാണ് എ.ഡി.എം.കെ പ്രചാരണം നടത്തുന്നത്.

Advertising
Advertising

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഓ പനീർ സെൽവവും തന്നെയാണ് പ്രധാനമായി രംഗത്തുള്ളത്. ബി.ജെ.പിയുമായുള്ള സഖ്യവും ഇക്കുറി എ.ഡി.എം.കെക്ക് ഇക്കുറി നിർണായകമാണ്.

മറുവശത്ത് കമൽ ഹാസന്റെ മക്കൾ നീതി മയ്യവും, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയും നയിക്കുന്ന രണ്ട് സഖ്യങ്ങൾ ഇരു മുന്നണികളെയും വെല്ലുവിളിക്കുന്നു. കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടുന്ന കമൽ ഹസ്സൻ ഇതിനകം തന്നെ പ്രചാരണം തുടങ്ങി. ശരത് കുമാർ, രാധിക , നാസർ തുടങ്ങി പ്രമുഖർ തന്നെ എം.എൻ.കെ സഖ്യത്തിനായി രംഗത്ത് ഉണ്ട്. വരും ദിവസങ്ങളിൽ ചെറു കക്ഷികളുടെ കൂടി സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ ചൂട് കനക്കും.

Tags:    

Similar News