"ഉമ്മൻ ചാണ്ടിയെ ഡി.എം.കെ അപമാനിച്ചു"; സീറ്റ് ചർച്ചയ്ക്കു ശേഷം പൊട്ടിക്കരഞ്ഞ് തമിഴ്‌നാട് കോൺഗ്രസ് പ്രസിഡണ്ട്

സീറ്റിന്റെ എണ്ണത്തേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവഹേളനമാണ് തന്നെ വേദനിപ്പിച്ചതെന്ന് കെ.എസ് അഴഗിരി

Update: 2021-03-06 12:58 GMT

തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിനെ തുടർന്ന് കോൺഗ്രസ് സംസ്ഥാന ഘടകം (ടി.എൻ.സി.സി) പ്രസിഡണ്ട് കെ.എസ് അഴഗിരി പാർട്ടി നേതാക്കൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ചർച്ചയിൽ ഡി.എം.കെ നേതാക്കൾ തമിഴ്‌നാടിന്റെ ചുമതലയുള്ള ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നും അത്തരമൊരു അപമാനം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ കോൺഗ്രസ് ആസ്ഥാനമായ ചെന്നൈയിലെ സത്യമൂർത്തി ഭവനിൽ ടി.എൻ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്നത്. മുതിർന്ന പാർട്ടി നേതാവ് വീരപ്പ മൊയ്‌ലി, ടി.എൻ.സി.സി ഇൻ ചാർജ് ദിനേഷ് ഗുണ്ഡു, അഴഗിരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. യോഗത്തിൽ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചർച്ചകളെ പറ്റി സംസാരിക്കവെയാണ് അഴഗിരി നിയന്ത്രണം വിട്ടത്.

Advertising
Advertising

സീറ്റിന്റെ എണ്ണത്തേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവഹേളനമാണ് തന്നെ വേദനിപ്പിച്ചതെന്ന് അഴഗിരി പറഞ്ഞു. വൈകീട്ട് രാഹുൽ ഗാന്ധി അഴഗിരിയെ ഫോണിൽ വിളിക്കുകയും അഭിമാനാർഹമായ എണ്ണം സീറ്റുകൾ മുന്നണിയിൽ നിന്ന് വാങ്ങിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം അഴഗിരി മാധ്യമങ്ങളെ കണ്ടപ്പോൾ ഡി.എം.കെയുമായുള്ള ചർച്ച പുരോഗമിക്കുകയാണ് എന്നാണ് അറിയിച്ചത്. 25-ൽ കൂടുതൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് ഡി.എം.കെ കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം. 2016-ൽ തങ്ങൾ 41 സീറ്റിൽ മത്സരിച്ചിരുന്നുവെന്നും ഇത്തവണ 35 സീറ്റെങ്കിലും ലഭിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. 30 സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ തുടരേണ്ടതില്ല എന്നാണ് ടി.എൻ.സി.സിയിലെ പൊതുവികാരമെന്നും അറിയുന്നു.

നിലവിൽ സഖ്യകക്ഷികളായ സി.പി.ഐ, മുസ്ലിം ലീഗ്, വിടുതലൈ ചിരുത്തൈഗൾ കച്ചി, മനിതനേയ മക്കൾ കച്ചി എന്നിവയുമായുള്ള ചർച്ചകൾ ഡി.എം.കെ പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ ആറും ലീഗ് മൂന്നും സീറ്റുകളിലാവും മത്സരിക്കുക. കോൺഗ്രസ്, എം.ഡി.എം.കെ, സി.പി.എം എന്നീ പാർട്ടികളുമായുള്ള ചർച്ച തുടരുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ദേശീയ മുർപോക്കു ദ്രാവിഡ കഴഗം നേതൃത്വം നൽകിയ 'മക്കൾ നള കൂട്ടണി' എന്ന മുന്നണിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത്സരിച്ചിരുന്നത്. സി.പി.ഐയും സി.പി.എമ്മും 25 സീറ്റിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല.

Tags:    

Similar News