മല, മഞ്ഞ്, മലമുഴക്കി വേഴാമ്പല്‍: ഒരടിപൊളി യാത്ര പോയിവരാം

അതിരപ്പിള്ളി വെള്ളച്ചാട്ടവും കടന്ന് സ്വർണനിറം പടർത്തുന്ന മലമുഴക്കി വേഴാമ്പലുകളെയും കണ്ട്, പല പല ശബ്ദം കേട്ട് വനത്തെ അറിഞ്ഞൊരു യാത്ര.

Update: 2021-06-29 02:44 GMT
Advertising

കോവിഡ് കാലം യാത്ര പ്രേമികളെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയിരിക്കുന്നത്. എങ്ങോട്ടും പോകാനാകാതെ എല്ലാവരും വീട്ടിലിരിക്കേണ്ട അവസ്ഥ. ജോലി ആവശ്യത്തിനോ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനോ അല്ലാതെ ആരും പുറത്തിറങ്ങുന്നില്ല എന്നതാണ് വാസ്തവം.

പക്ഷേ, മണ്‍സൂണ്‍ കാലത്തെ യാത്രകള്‍ നല്ല രസമാണ്. അതുകൊണ്ട് ഇന്ന് ഒരു യാത്ര പോയാലോ... തൃശ്ശൂർ ചാലക്കുടി അതിരപ്പിള്ളി വഴി മലക്കപാറയിലേക്ക്.... അതിരപ്പിള്ളി വെള്ളച്ചാട്ടവും കടന്ന് സ്വർണനിറം പടർത്തുന്ന മലമുഴക്കി വേഴാമ്പലുകളെയും കണ്ട്, പല പല ശബ്ദം കേട്ട് വനത്തെ അറിഞ്ഞൊരു യാത്ര.

അതിരപ്പിള്ളിയില്‍ പക്ഷേ എല്ലാ ജൂണ്‍മാസത്തിലും ഉള്ള അത്ര വെള്ളമോ വെള്ളച്ചാട്ടമോ ഇല്ല ഇപ്പോള്‍.... അതിരപ്പിള്ളിയും വാഴച്ചാലും കഴിഞ്ഞാൽ പിന്നെ കൊടും കാടാണ്. പോകുന്ന വഴികളിൽ മലമുഴക്കി വേഴാമ്പലൊരുക്കുന്ന വിസ്മകാഴ്ച മനസ്സിൽ ഒളിമങ്ങാതെ സൂക്ഷിക്കാം. പശ്ചിമ ഘട്ടത്തിൽ നാല് തരം വേഴാമ്പലുകളെ കാണാൻ സാധിക്കുന്ന ഒരേ ഒരിടമാണ് അതിരപ്പിള്ളി .


കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന ഈ വഴിയിൽ എപ്പോൾ വേണമെങ്കിലും മൃഗങ്ങൾ പ്രത്യക്ഷപ്പെടാം. മലക്കപ്പാറയ്ക്കും 15 കിലോമീറ്റർ ഇപ്പുറമാണ് ഷോളയാർ ഡാമിൻറെ റിസർവോയർ. ശരിക്കും രസമുള്ള ഒരു യാത്രയാണിത്.. ഈ വഴി പോയിട്ടില്ലാത്തവര്‍ ഒരിക്കലെങ്കിലും വന്ന് പോകേണ്ട വഴിയാണിത്.. കാരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറം അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലേക്കുള്ള യാത്ര ആസ്വദിക്കാന്‍ കഴിയും. ചുറ്റും പല സ്ഥലങ്ങളിലായി തേയിലക്കാടുകള്‍... നട്ടുച്ചയിലും നിറഞ്ഞുനില്‍ക്കുന്ന കോടമഞ്ഞ്... മഴ കൂടിയുണ്ടെങ്കില്‍ ശരിക്കും അടിപൊളി...

മലക്കപ്പാറ ടൌണിനപ്പുറം തമിഴ്‍നാട് അതിര്‍ത്തിയാണ്. അത് കടന്ന് പോകണമെങ്കില്‍ ഇരു സംസ്ഥാനങ്ങളുടെയും അനുമതി നേരത്തെ എടുക്കണം. കോവിഡിന് മുമ്പ് വലിയ തിരക്കുള്ള ഇടം തന്നെയായിരുന്നു മലക്കപ്പാറ ടൌണും. സഞ്ചാരികള്‍ ഒരുപാട് വരുമായിരുന്നു. ഇവിടെയുള്ള കച്ചവടക്കാര്‍ക്കൊക്കെ ഒരുപാട് കച്ചവടം കിട്ടുന്ന സമയമായിരുന്നു... ലോക്ക്ഡൌണ്‍ ആ കച്ചവടത്തിനൊക്കെ താഴിട്ടിട്ടുണ്ട്.

ഒരു യാത്ര എന്ന് പറഞ്ഞാല്‍, അത് പ്രകൃതിയെ അറിയുക എന്നതാണ്... അത്തരത്തില്‍ കാടിനെ അറിഞ്ഞുകൊണ്ടുള്ള മലക്കപ്പാറ റൂട്ടിലൂടെയുള്ള യാത്ര അത്രമേല്‍ ആസ്വാദകരമായിരിക്കും. കാരണം കാടിനെ അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി കാണാന്‍ പറ്റുന്ന, അറിയാന്‍ പറ്റുന്ന ഒരിടമാണ് ഇത്. നമ്മളെപ്പോഴും പറയാറുണ്ട് കാട്ടില്‍ പോയാല്‍ നിശബ്ദമായിരിക്കണമെന്ന്, കാടിന്റെ ശബ്ദത്തിന് കാതോര്‍ക്കണമെന്ന്.. അത് കേള്‍ക്കണമെന്ന്.. പ്രകൃതിയില്‍ നിന്ന് കേള്‍ക്കുന്ന ഒരുപാട് ശബ്ദങ്ങളുണ്ട് ഈ റൂട്ടില്‍... അതു തന്നെയാണ് ഈ യാത്രയെ അവിസ്മരണീയമാക്കുന്ന പ്രധാന ഘടകം...  

Full View


Tags:    

By - ഷിദ ജഗത്

contributor

പ്രിന്‍സിപ്പല്‍ ചീഫ് കറസ്പോണ്ടന്റ്

Similar News