ഇന്നലെകളെ കാത്തുസൂക്ഷിക്കുന്ന പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട്

പാലക്കാട് നിന്ന് കൊല്ലങ്കോട്ടേക്കുള്ള യാത്ര തുടങ്ങുമ്പോഴേ ഗ്രാമത്തിന്റെ സൗന്ദര്യം പതിയെ തുറന്നു വരാൻ തുടങ്ങും. നഗരത്തിന്റെ തിരക്കുകൾ പിന്നിലാക്കി ബസ് മുന്നോട്ടു നീങ്ങുമ്പോൾ റോഡിന് ഇരുവശവും വിരിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും അതിരിടുന്ന കൂറ്റൻ കരിമ്പനകളും കോടമഞ്ഞിൽ കുളിച്ച മലനിരകളും യാത്രക്കാരെ സ്വാഗതം ചെയ്തു തുടങ്ങും

Update: 2026-07-06 13:03 GMT

ഒരു ടൈം മെഷീൻ ഉണ്ടെങ്കിൽ ഇന്നലെകളിലേക്ക് ഒന്ന് പോയി വരാമായിരുന്നു എന്ന് പലരും ആഗ്രഹിക്കാറുണ്ട്. പഴയകാല കലണ്ടറുകളിലും നോട്ട് ബുക്കുകളുടെ പുറംചട്ടകളിലും മാത്രം കണ്ട ഗ്രാമഭംഗി നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. അത്തരം കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു ​ഗ്രാമമുണ്ട് പാലക്കാട്. ഇന്നലെകളെ കാത്തുസൂക്ഷിക്കുന്ന പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട്.

പാലക്കാട് നിന്ന് കൊല്ലങ്കോട്ടേക്കുള്ള യാത്ര തുടങ്ങുമ്പോഴേ ഗ്രാമത്തിന്റെ സൗന്ദര്യം പതിയെ തുറന്നു വരാൻ തുടങ്ങും. നഗരത്തിന്റെ തിരക്കുകൾ പിന്നിലാക്കി ബസ് മുന്നോട്ടു നീങ്ങുമ്പോൾ റോഡിന് ഇരുവശവും വിരിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും അതിരിടുന്ന കൂറ്റൻ കരിമ്പനകളും കോടമഞ്ഞിൽ കുളിച്ച മലനിരകളും യാത്രക്കാരെ സ്വാഗതം ചെയ്തു തുടങ്ങും. കൊല്ലങ്കോട് അടുക്കുന്തോറും കേരളവും തമിഴ്നാടും കൈകോർക്കുന്ന ഒരു സാംസ്കാരിക ഭൂപടം കൂടി തെളിഞ്ഞുവരും. അതിർത്തി പ്രദേശത്തിന്റെ സ്വാധീനത്തിൽ തമിഴ് സംസ്കാരത്തിന്റെ നേർത്ത സ്പർശം ഗ്രാമത്തിന്റെ ഭാഷയിലും ജീവിതരീതിയിലും കാഴ്ചകളിലും ദൃശ്യമാകും.

Advertising
Advertising

കൊല്ലങ്കോട് ടൗണിൽ ബസ് ഇറങ്ങിയാൽ ഗോവിന്ദപുരത്തേക്ക് ഉള്ള വണ്ടി പിടിക്കാം... മുന്നോട്ട് പോകുന്തോറും പച്ച പുതച്ച് കോടയിൽ കുളിച്ച് നിൽക്കുന്ന നെല്ലിയാമ്പതി മല നിരകൾ വ്യക്തമായി കണ്ട് തുടങ്ങും. അവിടം തൊട്ട് പ്രകൃതി ഒരുക്കി വച്ച കാഴ്ചകൾ കാണാം.

 

നാടിൻ്റെ ഹൃദയത്തിലേക്ക്....

വണ്ടിയിറങ്ങിയാൽ ആദ്യം ചെന്നെത്തുന്നത് കാലത്തിന്റെ കുറേ കഥകൾ ഒളിപ്പിച്ചുവെച്ച ഒരു നാടിന്റെ ഹൃദയത്തിലേക്കാണ്. നാട്ടുകാരുടെ ചിരികളും സൗഹൃദങ്ങളും നിത്യജീവിതത്തിലെ വിശേഷങ്ങളും നിറഞ്ഞുനിൽക്കുന്ന ചെല്ലൻ ചേട്ടന്റെ ചായക്കട.

തണൽ വിരിച്ച് നിൽക്കുന്ന മരത്തിന് താഴെ പനയോല മേഞ്ഞ മേൽക്കൂര, സമോവറിൽ നിന്ന് ഉയരുന്ന നേർത്ത പുക, വാഴയിലയിൽ വിളമ്പുന്ന വടയും ചമ്മന്തിയും, നീട്ടി അടിച്ച കടുപ്പമുള്ള ഒരു ചായയും... അതിനൊപ്പം ജോൺസൺ മാഷിന്റെ പഴയകാല ഗാനങ്ങൾ കൂടി ചേർന്നാൽ മനസ് പതിയെ 90കളിലേക്ക് സഞ്ചരിക്കും. കാലം മാറിയിട്ടും ആ പഴമയുടെ സ്വാദ് ഇന്നും അവിടെ അതേപടി നിലനിൽക്കുന്നു.

ചായക്കടയ്ക്ക് മുന്നിലെ ചെറിയ ജംഗ്ഷനിൽ നിന്ന് മൂന്ന് വഴികളാണ് ഉള്ളത്. അതിലൊന്ന് കൊല്ലങ്കോട് ടൗണിൽ നിന്ന് എത്തുന്ന വഴി. ബാക്കി രണ്ട് വഴികളും ഗ്രാമത്തിന്റെ ഉള്ളറകളിലേക്കാണ് നീളുന്നത്. ഒരു വഴി നെൽപ്പാടങ്ങൾക്കും കരിമ്പനകൾക്കും ഇടയിലൂടെ ദൂരേക്ക് മറയുമ്പോൾ, മറ്റൊന്ന് തെങ്ങിൻതോപ്പുകളെയും പഴമയുടെ നിശ്ശബ്ദത പേറുന്ന വീടുകളെയും തൊട്ടുകടന്നുപോകുന്നു. ആ വഴികളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി. ഗ്രാമജീവിതത്തിന്റെ പതിഞ്ഞ താളം കേൾക്കുന്നതുപോലെ തോന്നും.

 

ഓരോ സ്ഥലങ്ങളിൽ എത്താനും പല മാർഗങ്ങളും തിരഞ്ഞെടുക്കാം. പക്ഷേ, ഗ്രാമത്തെ അറിയണമെങ്കിൽ ഗ്രാമ വഴികളിലൂടെ നടക്കണം. ചുള്ളികളും ചെമ്പരത്തി ചെടികളും കൊണ്ട് കെട്ടിയ വേലികളും ഓട് മേഞ്ഞ വീടുകളും, പശു തൊഴുത്തുകളും, ഓല മേഞ്ഞ കള്ള് ഷാപ്പും, നേർത്ത മഴയും മണ്ണിൻ്റെ ഗന്ധവും, എവിടെയോ മറഞ്ഞിരിക്കുന്ന മയിലുകളുടെ ശബ്ദവും ഒക്കെ മനസിൽ ഒരു കഥയിൽ എന്ന പോലെ വരച്ച് ചേർക്കാം.

 

ഓർമകൾ പേറുന്ന പെരിങ്ങോട്ടുശ്ശേരി

വഴി അവസാനിക്കുന്നിടത്ത് നെല്ലിയാമ്പതി മല നിരകൾക്ക് താഴെ വെള്ളപൂശിയ ഭിത്തികളുള്ള തിണ്ണയും തടികൊണ്ടുള്ള തൂണുകളുള്ള ഒരു കെട്ടിടം കാണാം. വർഷങ്ങൾ പിന്നിട്ടിട്ടും കാലത്തിൻ്റെ സാക്ഷിയായി ഇന്നും നിലകൊള്ളുന്ന പെരിങ്ങോട്ടുശ്ശേരി കളം. പാലക്കാടിന്റെ കാർഷിക സമൃദ്ധിയുടെ അടയാളം. ഈ കെട്ടിടത്തിൻ്റെ ചുമരുകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ട്. നെല്ലിൻ്റെ മണവും കൊയ്ത്തു കാലത്തിൻ്റെ തിരക്കുകളും നിറഞ്ഞ കഥകൾ, നാടിൻ്റെ വിശപ്പകറ്റിയ ഓർമ്മകൾ.

നാടിൻ്റെ ദേവൻ...

ജംഗ്ഷനിൽ മറ്റൊരു വഴി പോകുന്നത് പ്രകൃതി തന്നെ ക്ഷേത്രം ആയി മാറുന്ന ചിങ്ങൻ ചിറ കറുപ്പ് സ്വാമി ക്ഷേത്രത്തിലേക്ക് ആണ്. സൂര്യരശ്മി മണ്ണിൽ പതിക്കാത്തവണ്ണം പടർന്ന് നിൽക്കുന്ന ആൽമരങ്ങൾക്ക് താഴെ നാടിൻ്റെ ദേവൻ കുടി കൊള്ളുന്നു. ചന്ദന തിരിയുടെയും മുല്ല പൂക്കളുടെയും സുഗന്ധവും നേർത്ത മണി നാദവും കേട്ട് ആൽത്തറയിൽ ഇരിക്കുമ്പോൾ മനസ് വല്ലാതെ ആർദ്രമാകും. പൊള്ളുന്ന പാലക്കാടൻ ചൂടിലും ചിങ്ങൻചിറയിൽ സുഖകരമായ ഒരു തണുപ്പുണ്ടാവും. പലതരം നേർച്ചകൾക്ക് വേണ്ടി കെട്ടിയ തൊട്ടിലുകളും വീടുകളും ഒക്കെ കാറ്റിനൊപ്പം ചലിച്ചുകൊണ്ടിരിക്കും. ക്ഷേത്രത്തിന് അടുത്തുള്ള ചിറയിലെ വിരിഞ്ഞ് നിൽക്കുന്ന താമരകൾ ക്ഷേത്രത്തിന് ഒരു പ്രത്യേക ഭംഗി കൊടുക്കുന്നുണ്ട്.

ഇനിയുള്ളത് പച്ചപ്പിൻ്റെ ലോകം ആണ്...

താമരപ്പാടത്ത് എത്തിയാൽ ചായങ്ങൾ കൊണ്ട് വരച്ചിട്ട പോലെ മനോഹരമായ പ്രകൃതിയുടെ ഒരു ലാൻ്റ്സ്കേപ്പ് കാണാം. പച്ച മല നിരകൾക്ക് വെള്ളി കസവ് കൊടുത്തപോലെ ഉള്ള കുഞ്ഞ് കുഞ്ഞ് വെള്ള ചാട്ടങ്ങൾ, അതിന് അതിർത്തി തീർക്കുന്ന തെങ്ങുകളും കരിമ്പനകളും. ഒരേ നിരയിൽ വളർന്നു പൊങ്ങിയ നെൽച്ചെടികൾ കാറ്റിൽ ഇളകുമ്പോൾ പച്ച വിരിച്ച സമുദ്രം ഓളം തീർക്കുന്ന പോലെ തോന്നും. പഴമയെ ഓർമ്മിപ്പിക്കുന്ന കൊച്ച് കുടിലുകൾ. സഞ്ചാരികളെ ആകർഷിക്കാൻ ഉണ്ടാക്കിയ കുടിലിടത്തിൻ്റെ വാതിൽ തുറന്നാൽ പച്ചപ്പിൻ്റെ പറുദീസ കാണാം.

പ്രകൃതി ഒരു നേർത്ത മഴ കൂടെ സമ്മാനിച്ചപ്പോൾ ആ കാഴ്ചകൾക്ക് കൂടുതൽ മിഴിവേറി. മഴത്തുള്ളികൾ നെൽച്ചെടികളുടെ ഇലകളിൽ മുത്തുകൾ പോലെ തിളങ്ങി നിന്നു. ദൂരെയുള്ള മലനിരകൾ കോടമഞ്ഞിൻ്റെ മറവിൽ പതിയെ അപ്രത്യക്ഷമാകുകയും വീണ്ടും തെളിഞ്ഞുവരികയും ചെയ്തു.

ആ കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ, സമയം പോലും പതുക്കെയായെന്നു തോന്നും. തിരക്കുകളും ആശങ്കകളും എല്ലാം മറന്ന് പ്രകൃതിയോട് മാത്രം സംസാരിച്ചിരിക്കുന്ന ഒരു അനുഭവം. കൊല്ലങ്കോടിൻ്റെ ഭംഗി കാഴ്ചകളിൽ മാത്രം ഒതുങ്ങുന്നതല്ല, മനസ്സിനെ ശാന്തമാക്കുന്ന ഇത്തരം നിമിഷങ്ങളിലുമാണ്.

 

വെള്ളിത്തിരയുടെ മനോഹരമായ ഫ്രെയിമിലേക്ക്...

പാറയിൽ കൊത്തിയുണ്ടാക്കിയ കൽപടവുകൾ കയറി മുകളിലെത്തുമ്പോൾ ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്‍റയും ഗന്ധമാവും ആദ്യം സ്വാഗതം ചെയ്യുക. അവിടെ കാത്തിരിക്കുന്നത് മനോഹരമായ ഒരു ഫ്രെയിം ആണ്. കുന്നിൻമുകളിലെ ക്ഷേത്രവും അതിനു മുന്നിൽ ഒറ്റയ്ക്കൊരു ശിൽപം പോലെ നിൽക്കുന്ന ചെമ്പകമരവും. ക്ഷേത്രത്തിൽ നിന്ന് വരുന്ന ഭക്തി ഗാനം കാറ്റിനൊപ്പം നേർത്ത് ഇല്ലാതാവും. ഒപ്പം എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ട് മനോഹരമായ ഒരു നൃത്തം സമ്മാനിക്കും എന്ന് പ്രതീക്ഷ നൽകികൊണ്ട് താഴ്വാരങ്ങളിൽ നിന്ന് മയിലുകളുടെ ശബ്ദം കേൾക്കാം. മല മുകളിൽ നിന്ന് എങ്ങോട്ട് നോക്കിയാലും വ്യത്യസ്ത തരം കാഴ്ചകൾ ആണ് കൂടെ വ്യത്യസ്ത വർണങ്ങളുടെ മായാ പ്രപഞ്ചവും. ക്ഷേത്രത്തിന് പുറകിൽ പശ്ചിമഘട്ട മല നിരകൾ തല ഉയർത്തി നിൽപ്പുണ്ട്. മറ്റൊരു ഭാഗത്ത് മേയ് മാസത്തിനെ മറക്കാൻ മടിയുള്ള പോലെ പൂത്ത് നിൽക്കുന്ന വാഗ മരങ്ങൾ ആണ്... പാലക്കാടിൻ്റെ red blossom പോലെ അത് പടർന്ന് നിൽക്കും. താഴ്വാരത്ത്  പച്ച വിരിച്ച പാടശേഖരങ്ങളും ചെറിയ കുളങ്ങളും കുഞ്ഞ് കുഞ്ഞ് വീടുകളും ആണ്. ഓരോ ദിശയിലെയും ആകാശത്തിന് വ്യത്യസ്ത വർണങ്ങൾ ആണ്. ഒരു ഭാഗത്ത് തെളിഞ്ഞ നീലയും തൂവെള്ള മേഘങ്ങളും, മറ്റൊരു ഭാഗത്ത് മഴ പെയ്യാൻ എന്നോളം ഇരുണ്ട് കിടക്കുന്ന മഴ മേഘങ്ങളും, മാറാൻ മടിച്ച വെയിലിൽ വിരിഞ്ഞ ഒരു കുഞ്ഞ് മഴവില്ലും. താഴ്വരകൾക്ക് മേലെ അസ്തമിക്കാൻ മടിച്ച് നിൽക്കുന്ന സൂര്യൻ ഓരോ ഭാഗത്തേക്കും ഇളം വെയിൽ അരിച്ചിറങ്ങുന്നു. മായ കാഴ്ചകളിലും സുഖമുള്ള കാറ്റിലും മനസ് വല്ലാതെ ശാന്തമാകും....

പ്രകൃതി ഒരുക്കിയ കാഴ്ചകൾ കാണാൻ ദൂരങ്ങൾ താണ്ടി ആളുകൾ എത്തുമ്പോഴും വാണിജ്യസാധ്യതകളെ കുറിച്ചൊന്നും ഇവിടത്തെ ഗ്രാമീണർ ചിന്തിക്കുന്നില്ല.  നാട് കാണാൻ വരുന്നവരെ അവർ ഹൃദ്യമായി വരവേൽക്കുന്നു. നിഷ്കളങ്കമായ സ്നേഹം സമ്മാനിക്കുന്നു. വീണ്ടും വരണമെന്നു പറഞ്ഞ് യാത്രയാക്കുന്നു.

പാലക്കാടിനോടും കൊല്ലങ്കോടിനോടും യാത്ര പറയുമ്പോൾ അവിടത്തെ കാറ്റ് പോലെ മനസ് ആർദ്രമാണ്. വീണ്ടും വീണ്ടും വരാൻ ഉള്ള ഓർമകൾ ശേഖരിച്ച് അടുത്ത ഒരു മഴയ്ക്കായി കാത്തിരിക്കാം...


 



Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - അഷിത സജീവൻ

contributor

Similar News