ദുബൈയുടെ ഭാവി സഞ്ചാരപഥങ്ങളുടെ വികസന രൂപരേഖ ചർച്ച ചെയ്തു
2030 മുതൽ 2071 വരെയുള്ള ദുബൈയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് യോഗം ചർച്ച ചെയ്തത്
ദുബൈയുടെ ഭാവി സഞ്ചാരപഥങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ ചർച്ച ചെയ്തു. 2030 മുതൽ 2071 വരെയുള്ള ദുബൈയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് യോഗം ചർച്ച ചെയ്തത്.
ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികളാണ് ദുബൈ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെ അര നൂറ്റാണ്ടിനപ്പുറത്തെ ദുബൈ എങ്ങനെ ആയിരിക്കണമെന്ന ചർച്ചക്കാണ് ഇപ്പോൾ തന്നെ തുടക്കം കുറിച്ചിരിക്കുന്നതും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാവി വികസന പദ്ധതികളുടെ പ്രയോഗവത്കരണം ആർ.ടി.എ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ദുബൈയുടെ യാത്രാവികസനവുമായി ബന്ധപ്പെട്ട് നാൽപത് സംരംഭങ്ങളാണ് പരിഗണിച്ചത്. വർധിച്ചു വരുന്ന സന്ദർശകരുടെ എണ്ണം കൂടി കണക്കിലെടുത്തായിരിക്കും യാത്രാ വികസന പദ്ധതികൾ. പ്രകൃതിയുടെ ജൈവികത കാത്തു സൂക്ഷിച്ചും നവ സാങ്കേതിക സംവിധാനങ്ങൾ സ്വീകരിച്ചുമായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി. പുതിയ പഠന ഗവേഷണങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാവും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുക.