അയോധ്യ സന്ദർശിക്കുന്നവർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ വിദേശ രാജ്യങ്ങൾക്ക് യു.പി സർക്കാർ അനുമതി

"ഏതു രാജ്യത്തിന് വേണമെങ്കിലും അപേക്ഷിക്കാം. ഞങ്ങൾ അവർക്ക് സ്ഥലം ലഭ്യമാക്കി കൊടുക്കും"

Update: 2021-03-05 14:02 GMT

അയോധ്യ സന്ദർശിക്കുന്നവർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ വിദേശ രാജ്യങ്ങൾക്ക് ഉത്തർ പ്രദേശ് സർക്കാർ അനുമതി. ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളോട് പ്രതികരിച്ചു കൊണ്ടാണ് ഹിന്ദു ജനസംഖ്യ അധികമുള്ള വിദേശ രാജ്യങ്ങൾക്ക് അയോധ്യയിൽ ഗസ്റ്റ് ഹൗസുകൾ തുടങ്ങാൻ യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകിയത്. അന്താരാഷ്ട്ര തീർത്ഥാടന ടൂറിസത്തിനു ഊർജം നൽകാനും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നൽകാനുമുദ്ദേശിച്ചാണ് യു.പി സർക്കാർ നീക്കം.

ശ്രീലങ്ക, കാനഡ, നേപ്പാൾ, ഫിജി, കെനിയ, ഇൻഡോനേഷ്യ , മലേഷ്യ , ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മൗറീഷ്യസ്, തായ്ലൻഡ്, തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഗസ്റ്റ് ഹൗസുകൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഉത്തർ പ്രദേശ് സർക്കാരിനെ സമീപിച്ചത്. പന്ത്രണ്ട് ഏക്കർ സ്ഥലം ഇതിനോടകം തന്നെ വിദേശ രാജ്യങ്ങളുടെ ഗസ്റ്റ് ഹൗസുകൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് അയോധ്യ മുനിസിപ്പൽ കമ്മീഷണർ വിശാൽ സിംഗ് പറഞ്ഞു. "ഏതു രാജ്യത്തിന് വേണമെങ്കിലും അപേക്ഷിക്കാം. ഞങ്ങൾ അവർക്ക് സ്ഥലം ലഭ്യമാക്കി കൊടുക്കും"- അദ്ദേഹം പറഞ്ഞു.

Tags:    

Similar News