ടോയ്‌ലറ്റിന്റെ ചുവരിൽ ദ്വാരമുണ്ടാക്കി യുഎസിൽ 10 പ്രതികൾ ജയിൽ ചാടി
കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയവരാണ് രക്ഷപ്പെട്ടത്.
വാഷിങ്ടൺ: യുഎസിലെ ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് 10 തടവുകാർ രക്ഷപ്പെട്ടു. ജയിൽ പുള്ളികൾ ഒരു സെല്ലിലെ ടോയ്‌ലറ്റിന്റെ ചുവര് തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ നൂണ്ടുകടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 19-42 പ്രായമുള്ള പ്രതികളാണ് രക്ഷപ്പെട്ടത്. ചുവരിനോട് ചേർന്ന് ഒരു ടോയ്‌ലറ്റും സിങ്കും ഫിറ്റ് ചെയ്തിരുന്നു. ഇത് പൊളിച്ചുമാറ്റി ചതുരാകൃതിയിൽ ദ്വാരമുണ്ടാക്കി അതിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്.
കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയവരാണ് രക്ഷപ്പെട്ടത്. ഓറഞ്ച്, വെള്ള വസ്ത്രങ്ങൾ ധരിച്ചവർ ജയിലിൽ നിന്ന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പുതപ്പുകൾ ഉപയോഗിച്ച് കമ്പിവേലി കയറുകയും ശേഷം സമീപത്തെ റോഡിലൂടെ ഓടുന്നതും കാണാം.
രക്ഷപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്ഥലത്ത് ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സെൽ നിരീക്ഷിക്കാൻ ഒരു സിവിലിയൻ ടെക്‌നീഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാൾ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്. എന്നാൽ, തടവുചാടിയതിന് തൊട്ടുപിന്നാലെ പ്രതികളിൽ ഒരാളായ കെൻഡൽ മൈൽസ് (20) പിടിയിലായി. മുമ്പ് രണ്ട് തവണ ജുവനൈൽ തടങ്കൽ കേന്ദ്രത്തിൽ നിന്ന് ഇയാൾ തടവ് ചാടിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോബർട്ട് മൂഡി എന്ന പ്രതിയും പിടിയിലായിട്ടുണ്ട്.
കേടായ പൂട്ടുകൾ മൂലമാണ് തടവുകാർക്ക് എളുപ്പത്തിൽ പുറത്തുകടക്കാൻ കഴിഞ്ഞതെന്ന് ഓർലിയൻസ് പാരിഷ് ഷെരീഫ് സൂസൻ ഹട്‌സൺ പറഞ്ഞു. തടവുകാർക്ക് രക്ഷപ്പെടാൻ ജയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായും സൂചനയുണ്ട്. പരസഹായമില്ലാതെ ആർക്കും ഇവിടെ നിന്ന് പുറത്തുകടക്കാൻ സാധ്യമല്ല. ജയിൽ ചാടിയ പ്രതികൾ ഉടൻ തന്നെ ജയിൽ വസ്ത്രങ്ങൾ മാറ്റി സാധാരണ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ഇത്ര പെട്ടെന്ന് എങ്ങനെയാണ് അവർക്ക് സാധാരണ വസ്ത്രം ലഭിച്ചത് എന്നതിലും ദുരൂഹതയുണ്ടെന്ന് ഹട്‌സൺ പറഞ്ഞു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.