ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന യുഎൻ പ്രമേയം: സ്വതന്ത്ര ഫലസ്തീനെ അനുകൂലിച്ച് ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ; എതിർത്തത് 10 പേർ

ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

Update: 2025-09-13 07:45 GMT

ജനീവ: ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന 'ന്യൂ യോർക്ക് പ്രഖ്യാപന' പ്രമേയം യുഎൻ പൊതുസഭയിൽ പാസായി. പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങൾ വോട്ട് ചെയ്‌തു. ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഫ്രാൻസ് അവതരിപ്പിച്ച പ്രമേയത്തെ അറബ് രാജ്യങ്ങളെല്ലാം പിന്തുണച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, സംഘർഷത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മികച്ച ഭാവിക്കായുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രമേയത്തിൽ ആഹ്വാനം ചെയ്യുന്നത്.

Advertising
Advertising

അടുത്തിടെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ ഗസ്സ വിഷയത്തിൽ വോട്ടെടുപ്പ് വരുമ്പോൾ വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ. ഗസ്സ വിഷയത്തിൽ മൂന്ന് വർഷത്തിനിടെ നാലു വട്ടം ഇന്ത്യ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു. എന്നാൽ ഈ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു.

സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ സൗദിയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന യുഎൻ ഉച്ചകോടിക്ക് മുന്നോടിയായാണ് വോട്ടെടുപ്പ് നടന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മറ്റ് നിരവധി നേതാക്കളും ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിലെ 146 അംഗങ്ങൾ ഇതിനകം തന്നെ ഒരു ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നുണ്ടെങ്കിലും, ഫ്രാൻസ്, നോർവേ, സ്പെയിൻ, അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ മറ്റ് പത്തോളം അംഗങ്ങൾ ഈ മാസം അവസാനം അവരുടെ നിരയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News