Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിയവേ ശവകുടീരത്തിനരികിൽ വിശ്വാസികളുടെ നീണ്ട നിരയാണ്. ജീവതിത്തിലുടനീളം ലാളിത്യം ഉയർത്തിപിടിച്ച ആ മഹാ മനുഷ്യന്റെ ശവകുടീരം കാണാൻ സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച രാവിലെ നടന്ന പ്രത്യേക ബലിയിൽ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ജീവിതത്തിലുടനീളം നിലപാടുകൾ ഉറക്കെ പറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഒരു നോക്ക് കാണാൻ പലർക്കും നീണ്ട നിരയിൽ അൽപ്പനേരമെങ്കിലും കാത്തുനിൽക്കേണ്ടി വന്നു.
പൂർവികരുടെ നാട്ടിൽ നിന്നെത്തിച്ച മാർബിളിൽ തീർത്ത കല്ലറയുടെ പുറത്ത് ഫ്രാൻസിസ് എന്ന പേര് മാത്രം അടയാളപ്പെടുത്തിയ ശവകുടീരത്തിനരികിലൂടെ നടന്ന് നീങ്ങുമ്പോൾ സ്‌നേഹത്തിന്റെ ഭാഷയിൽ ജീവിക്കാൻ പഠിപ്പിച്ചതിന് നന്ദിയർപ്പിക്കുകയാണ് വിശ്വാസികൾ. ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മാർപാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് മാർപാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു.