Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണീർക്കഥകളും പരിഹാസങ്ങളും ഇനി വെറും കഥകൾ മാത്രമായി മാറുന്നു. കിരീട നേട്ടങ്ങളുടെ പേരിൽ മാഞ്ഞുപോയ പുഞ്ചിരികൾ വീണ്ടും തളിർക്കുന്നു. സോഷ്യൽ മീഡിയ ചുമരുകളിലും സ്പോർട്സ് ആരാധകർക്കും 2025 ഒരു അതിശയ വർഷമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക കൂടി കിരീടത്തിൽ മുത്തമിട്ടപ്പോൾ അക്ഷരാർത്ഥത്തിൽ കാത്തിരിപ്പുകൾക്ക് അവസാനം നൽകാനായി പിറന്ന വർഷമായി 2025 മാറി.
ആദ്യമായും അവസാനമായും ഒരു ഐസിസി ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുടെ പതാക പറന്നത് 1998ൽ ആയിരുന്നു. അതിന് ശേഷം പലതവണയും ഭാഗ്യം അവരെ തുണച്ചില്ല. കിരീടമെടുക്കാൻ പോന്ന ശക്തമായ സംഘം എല്ലാകാലത്തും ദക്ഷിണാഫ്രിക്കയുടെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. എങ്കിലും മത്സരത്തിന് ശേഷമുള്ള അവസാന പുഞ്ചിരി അവരുടേതായിരുന്നില്ല.
1998ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്ക ഒരു ഐസിസി ഫൈനലിൽ പ്രവേശിച്ചത് കഴിഞ്ഞ വർഷമായിരുന്നു. 2024 ജൂൺ 29ന് ട്വന്റി 20 ലോകകപ്പിൽ അവർ ഫൈനലിൽ കളിച്ചു. എന്നാൽ ഇന്ത്യക്ക് മുന്നിൽ വീണ്ടും അവരുടെ കിരീട സ്വപ്നങ്ങൾ തകർന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം മറ്റൊരു ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരീടത്തിൽ ദക്ഷിണാഫ്രിക്കയുടെ കയ്യൊപ്പ് പതിക്കുന്നു. ഓസീസ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം സെഞ്ചുറി നേടിയ ഏയ്ഡൻ മാർക്രത്തിന്റെയും അർധ സെഞ്ചുറി നേടിയ ടെംബ ബവുമയുടെയും മികവിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.
2025 ജൂൺ മൂന്നിന് നീണ്ട 18 വർഷത്തെ ബംഗളൂരു ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരുന്നു. പഞ്ചാബിനെ ആറ് റൺസിന് തകർത്തെറിഞ്ഞാണ് പഠീദാറും സംഘവും ഐപിഎൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. കിരീടനേട്ടത്തിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ട മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കണ്ണുനീർ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വീണത് ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ സാധിക്കില്ല. അയാൾ അത് അർഹിച്ചിരുന്നു. അയാളെ സ്നേഹിക്കുന്നവരും വിമർശിച്ചവരും വരെ ആ നിമിഷം ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ ദേശീയ ടീമിനൊപ്പം അണ്ടർ 19 ലോകകപ്പും, ഏകദിന ലോകകപ്പും, ചാമ്പ്യൻസ് ട്രോഫിയും, ടി20 ലോകകപ്പും നേടിയ വിരാട് കോഹ്ലിക്ക് ഐപിഎൽ കിരീടം ക്രിക്കറ്റ് ആരാധകർ ഒരുപോലെ ആഗ്രഹിച്ചിരുന്നു.
ക്ലബ് ഫുട്ബോളിലും കിരീട വരൾച്ച നേരിട്ട ടീമുകൾ ഇത്തവണ കിരീടത്തിൽ മുത്തമിട്ടിരുന്നു. അതുകൊണ്ടുതന്നെ 2025 ഒരു അത്ഭുത വർഷമാണെന്ന് ആദ്യം പറഞ്ഞത് ഫുട്ബോൾ പ്രേമികളാണ്. എഫ്എ കപ്പിൽ ക്രിസ്റ്റൽ പാലസ്, യൂറോപ്പ ലീഗിൽ ടോട്ടനം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി എന്നിങ്ങനെ നീളുന്ന ഒരുപാട് കാത്തിരിപ്പുകൾ അവസാനിക്കുന്നതിന് 2025 സാക്ഷിയായി. ഫുട്ബോൾ മൈതാനങ്ങളിൽ ആനന്ദത്തിന്റെ പുഞ്ചിരിയും ആർപ്പുവിളികളും അലയടിച്ചു.
ന്യൂകാസിൽ യുണൈറ്റഡ് ആയിരുന്നു ഈ ഭാഗ്യ വർഷത്തിന് തുടക്കം കുറിച്ചത്. 2025 മാർച്ച് 16ന് നിലവിലെ ചാമ്പ്യൻ ലിവർപൂളിനെ വീഴ്ത്തി കരബാവോ കപ്പ് (ഇഎഫ്എൽ കപ്പ്) ന്യൂകാസിൽ സ്വന്തമാക്കി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ ജയം. 56 വർഷത്തെ കിരീടവരൾച്ചക്ക് കൂടിയാണ് ന്യൂകാസിൽ വെംബ്ലിയിൽ അറുതി വരുത്തിയത്. 1969ന് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രധാന ട്രോഫിയും 1955ന് ശേഷമുള്ള ആദ്യത്തെ ആഭ്യന്തര ട്രോഫിയുമായിരുന്നു അത്. 1969 മുതലുള്ള കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ന്യൂകാസിൽ ചരിത്രം സൃഷ്ടിച്ചത്. 1955ൽ എഫ്എ കപ്പ് കിരീടം ചൂടിയതിനു ശേഷം ഏഴു പതിറ്റാണ്ടു കാത്തിരുന്നതിനു ശേഷമാണ് ന്യൂകാസിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കിരീടം നേടുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള കിരീടനേട്ടങ്ങൾ അവിടെ അവസാനിക്കുമെന്ന് കരുതിയ ഫുട്ബോൾ ലോകത്തിന് തെറ്റി. അത്ഭുതങ്ങൾക്ക് സാക്ഷിയാവാനുള്ള അടുത്ത ഊഴം കോപ്പ ഇറ്റാലിയയിലായിരുന്നു. അഞ്ച് പതിറ്റാണ്ടകൾക്ക് ശേഷം ബൊലോഗ്ന ഒരു മേജർ ട്രോഫിയിൽ മുത്തമിട്ടു. കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിലാണ് ബൊലോഗ്ന എസി മിലാനെ തോൽപിച്ചത്. 1974ന് ശേഷം ക്ലബ് സ്വന്തമാക്കുന്ന ആദ്യ മേജർ ട്രോഫിയായിരുന്നു അത്.
ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിലും ചരിത്രം മാറ്റിയെഴുതപ്പെട്ടു. 2025 മെയ് 17ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ വമ്പന്മാരായ മാഞ്ചെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ക്രിസ്റ്റൽ പാലസ് ചാമ്പ്യൻമാരായി. ക്ലബിന്റെ ഒരുനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ആദ്യ മേജർ ട്രോഫി കൂടിയായിരുന്നു അത്. കിരീടം ഉറപ്പിച്ച് മൈതാനത്തിറങ്ങിയ സിറ്റിയെ ഞെട്ടിച്ച് 16ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് നിർണായക ഗോൾനേടി. മ്യൂണോസിന്റെ അസിസ്റ്റിൽ ഇസ കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഒരുനൂറ്റാണ്ടിന്റെ കാത്തിരിപ്പവസാനിക്കാൻ ആ ഗോൾ വഴിയൊരുക്കി.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങളും നിർഭാഗ്യങ്ങളും നേരിടേണ്ടി വന്ന ടീമാണ് ടോട്ടൻഹാം. എല്ലാ കാലത്തും വലിയ താരനിരയും മികച്ച മാനേജേഴ്സും അണിനിരഞ്ഞ ടീമിന് കിരീടങ്ങൾ മാത്രം നേടാൻ സാധിച്ചില്ല. എന്നാൽ 2025 മെയ് 22 ടോട്ടൻഹാം ആരാധകർക്ക് മറക്കാൻ സാധിക്കാത്ത ദിവസമായി മാറി. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി പരിഹാസങ്ങൾക്കും നിർഭാഗ്യങ്ങളൾക്കും അവർ മറുപടി നൽകി. 17 വർഷത്തെ കിരീടവരൾച്ചയായിരുന്നു അവിടെ അവസാനിച്ചത്. സ്പെയിനിലെ സാംമേമ്സിൽ നടന്ന യുവേഫ യൂറോപ്പ ലീഗ് കലാശപ്പോരിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു ടോട്ടനത്തിന്റെ കിരീടനേട്ടം. 2008ലെ കരബാവോ കപ്പ് വിജയത്തിന് ശേഷം ടോട്ടനം നേടുന്ന ആദ്യ കിരീടമായിരുന്നു അത്.
ടോട്ടൻഹാമിനെക്കാൾ കൂടുതൽ പരിഹാസത്തിനിരയായ മറ്റൊരാളായിരുന്നു അവരുടെ മുൻ നായകൻ ഹാരി കെയ്ൻ. തന്റെ കരിയറിലെ ആദ്യ കിരീടം ഹാരി കെയ്ൻ നേടിയതും ഈ വർഷമാണ്. ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിനൊപ്പം കിരീടമുയർത്തുമ്പോൾ അത് 31കാരനായ താരത്തിന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ കിരീടമായിരുന്നു. ഫുട്ബോൾ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി ആഗ്രഹിച്ചിരുന്നു.
2025 മെയ് 31, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ വർഷങ്ങൾ നീണ്ട സ്വപ്നത്തിന് മ്യൂണിക്കിലെ അലിയാൻസ് അരീനയിലാണ് സാക്ഷാത്കാരം ഉണ്ടായത്. ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ പിഎസ്ജി മുത്തമിട്ടു. ഫൈനലിൽ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റർ മിലാനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്താണ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടിയത്. വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ടീം സ്വന്തമാക്കിയത്.