Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
ലണ്ടൻ: ഏതൊരു വ്യക്തിക്കും അവരുടെ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് നിയമപരമായി യാത്ര ചെയ്യുന്നതിന് സാധുവായ ഒരു പാസ്‌പോർട്ടും വിസയും ആവശ്യമാണ്. ഈ നിയമം എല്ലാ രാഷ്ട്രത്തലവന്മാർക്കും, രാജാക്കന്മാർക്കും, നയതന്ത്രജ്ഞർക്കും, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനും പോലും ബാധകമാണ്. എന്നാൽ ലോകത്ത് വെറും മൂന്ന് വ്യക്തികൾക്ക് മാത്രം ഈ നിയമങ്ങൾ ബാധകമല്ല.
രേഖകളില്ലാതെ തന്നെ അന്താരാഷ്ട്ര അതിർത്തികൾ കടക്കാനും 190ൽ അധികം രാജ്യങ്ങളിൽ വിസ രഹിത പ്രവേശനം നേടാനും കഴിയുന്ന ആ മൂന്ന് ശക്തർ യുണൈറ്റഡ് കിംഗ്ഡത്തിലെ രാജാവ് ചാൾസ് മൂന്നാമൻ, ജപ്പാനിലെ ചക്രവർത്തി നരുഹിതോ, അദ്ദേഹത്തിന്റെ ഭാര്യ മസാക്കോ ചക്രവർത്തി എന്നിവരാണ്.
എല്ലാ ബ്രിട്ടീഷ് പാസ്‌പോർട്ടുകളും നൽകുന്നത് രാജാവിൻ്റെ പേരിലാണ്. പാസ്‌പോർട്ടിൽ 'ഹിസ് മജസ്റ്റിയുടെ പാസ്‌പോർട്ട്' എന്ന് അച്ചടിച്ചിരിക്കുന്നു. പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നത് രാജാവ് ആയതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് വ്യക്തിപരമായി ആവശ്യമില്ല. അന്തരിച്ച എലിസബത്ത് രാജ്ഞിയും തൻ്റെ ഭരണകാലത്ത് ഒരിക്കലും പാസ്‌പോർട്ട് കൈവശം വെച്ചിരുന്നില്ല. 2023ൽ കിരീടധാരണത്തിനുശേഷം ചാൾസ് മൂന്നാമൻ രാജാവും ഈ പാരമ്പര്യം തുടരുകയാണ്.
ബ്രിട്ടനെപ്പോലെ ജപ്പാനിലും സമാനമായ ഒരു പ്രോട്ടോക്കോൾ നിലവിലുണ്ട്. അവിടെ ഭരണഘടനാപരമായ പദവിയാണ് ഇതിന് കാരണം. ജാപ്പനീസ് ഭരണഘടന പ്രകാരം പ്രതീകാത്മക പരമാധികാരികൾ എന്ന നിലയിൽ ചക്രവർത്തി നരുഹിതോയ്ക്കും മസാക്കോ ചക്രവർത്തിക്കും ജാപ്പനീസ് സർക്കാർ പാസ്‌പോർട്ടുകൾ നൽകുന്നില്ല. ഇവരുടെ വിദേശ യാത്രകൾ നയതന്ത്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്.
ചാൾസ് മൂന്നാമൻ, നരുഹിതോ, മസാക്കോ എന്നിവർ പാസ്‌പോർട്ട് ഇല്ലാതെ ലോകം ചുറ്റുന്നത് കേവലം ഒരു സൗജന്യ യാത്രയല്ല. ഇത് അന്താരാഷ്ട്ര നയതന്ത്രത്തിലും ചരിത്രപരമായ രാജകീയ പാരമ്പര്യത്തിലും അവർക്കുള്ള അത്യുന്നത പദവിയെയാണ് സൂചിപ്പിക്കുന്നത്.