ക്രിസ്മസ് രാവിലും ഇസ്രായേലിന്റെ ക്രൂരത; അൽ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തിയത്

Update: 2023-12-25 02:04 GMT

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. മധ്യ ഗസ്സയിലെ അൽ മഗാസി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 70 പേരും ഖാൻ യൂനിസിൽ 28 പേരും കൊല്ലപ്പെട്ടു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് വ്യക്തമാക്കി.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പാണ് അൽ മഗാസി. പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്പാണിത്.  സുരക്ഷിതമെന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന ആയിരങ്ങൾക്ക് മേലാണ് ഇസ്രായേൽ ഇന്നലെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.

Advertising
Advertising

ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തീവ്രമാണ്‌. ശത്രുവിന് കനത്ത ക്ഷതം വരുത്തിയെന്നും നാല് നാളുകൾക്കിടെ, 35 സൈനിക വാഹനങ്ങൾ തകർത്തുവെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം കൂടുതൽ സമ്മർദത്തിലായി. സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചത്. എല്ലാ ഭിന്നതകളും മറന്ന് സൈന്യത്തിനു പിന്നിൽ ഉറച്ചുനിൽക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. സൈന്യത്തിന്റെ കൊടും ക്രൂരത സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നു. പ്രസവത്തിന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന നാല് ഗർഭിണികളെ ഗസ്സയിൽ ഇസ്രായേൽ സേന വെടിവെച്ചുകൊന്ന് ദേഹത്ത് ബുൾഡോസർ കയറ്റിയിറക്കിയതായാണ് വെളിപ്പെടുത്തൽ. അൽജസീറ ചാനലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

അൽ-അവ്ദ ആശുപത്രിയിൽ പ്രസവത്തിനെത്തിയതടക്കമുള്ള സ്ത്രീകളെയും ബുൾഡോസർ ഉപയോഗിച്ച് സൈന്യം കൊലപ്പെടുത്തി. ഗസ്സയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമെന്നാണ് യുഎൻ ഏജൻസികൾ അറിയിക്കുന്നത്. യു.എൻ മേൽനോട്ടത്തിലുള്ള സഹായവിതരണത്തിലും പുരോഗതിയില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News