ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു: ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും ഡബ്ല്യൂ.എച്ച്.ഒ

Update: 2022-04-05 17:12 GMT
Advertising

ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നതായും സംഘടന അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പറഞ്ഞു.


നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം പേർ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കോവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും വഴി വായുമലിനീകരണത്തിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്‌നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു.

വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) 2021ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്ലൈൻസിൽ (എ.ക്യൂ.ജിസ്) പറഞ്ഞിരുന്നു. വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണെന്നും എന്നാൽ താഴ്ന്നതും ഇടത്തരവുമായ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധോനം ഗെബ്രെയൂസസ് പറഞ്ഞു. വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വായു മലിനമാക്കുന്നത് എന്തൊക്കെ?

  • അമിത വാഹന ഉപയോഗം പ്രധാന കാരണങ്ങളിലൊന്നാണ്. വാഹനങ്ങൾ പുറംതള്ളുന്ന പുകയാണ് വില്ലൻ. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം വായുവിൽ സൂക്ഷ്മ കണങ്ങളും ബ്ലാക്ക് കാർബണും വർധിക്കുന്നു.
  • ഗതാഗതം മൂലം റോഡിന് ഇരുവശവും ഉയരുന്ന പൊടിപടലങ്ങൾ.
  • വൻകിട വ്യവസായങ്ങളിൽനിന്നുള്ള പുക
  • വിവിധ കെട്ടിട നിർമാണം
  • മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക.
  • കൃഷി കഴിഞ്ഞ പാടങ്ങൾ കത്തിക്കൽ

99% of the world's population breathes polluted air: WHO

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News