ജറൂസലമിലെ ഇസ്രായേൽ ക്രൂരതയിൽ ഒരു മരണം; നിരവധിയാളുകൾക്ക് പരിക്ക്

ഹെബ്രോണിൽ തങ്ങളുടെ വനിതാ സൈനിക കൊല്ലപ്പെട്ടതാണ് പ്രകോപന നടപടികൾക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്

Update: 2022-10-13 19:41 GMT
Editor : afsal137 | By : Web Desk
Advertising

ജറൂസലമിൽ ഇസ്രായേൽ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളിൽ ഒരു ഫലസ്തീൻ യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് ബറ്റാലിയൻ ആർമിയെ ജറൂസലമിലേക്ക് നിയോഗിക്കാനും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഹെബ്രോണിൽ തങ്ങളുടെ വനിതാ സൈനിക കൊല്ലപ്പെട്ടതാണ് പ്രകോപന നടപടികൾക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജറൂസലമിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ അക്രമങ്ങളുടെ തുടർച്ചയാണ് പുതിയ സംഭവങ്ങൾ. ജറൂസലമിനോട് ചേർന്ന ഐനുൽ ലാവ്‌സ, സിൽവാൻ എന്നീ പ്രദേശങ്ങളിൽ ഫലസ്തീൻ സമൂഹത്തിനു നേരെ ഇസ്രായേൽ സൈന്യം വലിയ തോതിൽ അതിക്രമം നടത്തി. നിരവധി പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പതിനേഴുകാരൻ ഉസാമ അദാവി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രകടനം നടത്തിയ ഫലസ്തീൻകാർക്കു നേരെ സൈന്യം വിവേചനരഹിതമായി നിറയൊഴിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം നിഷ്ഠുരമായ നടപടികളാണ് കൈക്കൊണ്ടത്. ജറൂസലമിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാല് സൈനിക ബറ്റാലിയനെ നിയോഗിക്കാനുള്ള ഇസ്രായേൽ നീക്കമെന്നും ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഈ വർഷം മാത്രം നൂറിലേറെ ഫലസ്തീൻകാരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്. ഇവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടും. മസ്ജിദുൽ അഖ്‌സക്കു മേൽ പിടിമുറുക്കാനും പ്രദേശത്തു നിന്ന് അറബ് വംശജരെ പുറന്തള്ളാനും ഇസ്രായേൽ ആസൂത്രിത നീക്കമാണ് നടത്തുന്നതെന്ന് വിവിധ ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. ജറൂസലമിലെ പുതിയ സംഭവവികാസങ്ങളിൽ അറബ് ലീഗും യൂറോപ്യൻ യൂനിയനും ആശങ്ക രേഖപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News